മുബൈ: ഇന്ത്യൻ കായിക പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു കാഴ്ചക്ക് ഡിസംബറില്‍ സാധ്യത തെളിയുന്നു. ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി മൂന്നു നഗരങ്ങളില്‍ പര്യടനത്തിനായി ഇന്ത്യയിലെത്തുന്നു
ഈ പര്യടനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രത്യേക ക്രിക്കറ്റ് മത്സരമാണ്. ഡിസംബർ 14-ന് നടക്കുന്ന ഈ മത്സരത്തില്‍ ഫുട്ബോള്‍ ബൂട്ട് മാറ്റി മെസ്സി ക്രിക്കറ്റ് ബാറ്റേന്തും.
സംഘാടകർ നല്‍കുന്ന സൂചനയനുസരിച്ച്, ഏഴംഗ ടീമുകള്‍ പങ്കെടുക്കുന്ന ഈ ക്രിക്കറ്റ് മത്സരത്തില്‍ മെസ്സിക്ക് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ വിരാട് കോഹ്ലി, എം.എസ്. ധോണി എന്നിവരുമായി ഏറ്റുമുട്ടാൻ അവസരം ലഭിച്ചേക്കും. സച്ചിൻ ടെണ്ടുല്‍ക്കർ, രോഹിത് ശർമ എന്നിവരും മത്സരത്തില്‍ പങ്കെടുത്തേക്കുമെന്നും സൂചനകളുണ്ട്. ഈ പരിപാടിക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അനുമതി നല്‍കിയിട്ടുണ്ട്. മത്സരം ടിക്കറ്റുള്ള ഒരു പരിപാടിയായിരിക്കും.
ഡിസംബർ 13 മുതല്‍ 15 വരെയാണ് മെസ്സിയുടെ ഇന്ത്യാ സന്ദർശനം. കൊല്‍ക്കത്തയും ഡല്‍ഹിയും അദ്ദേഹം സന്ദർശിക്കും. കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ഈഡൻ ഗാർഡൻസില്‍ വെച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി അദ്ദേഹത്തെ ആദരിക്കും.
ഇതിന്റെ ഭാഗമായി “ഗോട്ട് കപ്പ്” എന്ന പേരില്‍ ഏഴംഗ ഫുട്ബോള്‍ ടൂർണമെന്റും കുട്ടികള്‍ക്കായി ഒരു ഫുട്ബോള്‍ വർക്ക്‌ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്.
2011-ല്‍ അർജന്റീനയും വെനസ്വേലയും തമ്മിലുള്ള സൗഹൃദ മത്സരത്തിനായി കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ എത്തിയതിനു ശേഷം മെസ്സിയുടെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. നിലവില്‍ അമേരിക്കൻ ലീഗായ മേജർ ലീഗ് സോക്കറില്‍ ഇന്റർ മയാമിക്കു വേണ്ടി കളിക്കുന്ന ഈ 38-കാരൻ 2026-ല്‍ നടക്കുന്ന തന്റെ അവസാന ലോകകപ്പ് ലക്ഷ്യമിട്ടാണ് മുന്നേറുന്നത്.
