തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടപ്പിലാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും, ശുചിത്വ മിഷന്റെയും മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പൂർണമായും പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത്തിനുള്ള നോഡൽ ഓഫീസർ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക്, പി.വി.സി., ഫ്ലക്സ് തുടങ്ങിയവ പൂർണമായും നിരോധിച്ചു. ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ നിർമിക്കുന്നതിന് പേപ്പർ, പി.സി.ബി. സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പുന:ചംക്രമണം ചെയ്യാവുന്ന പോളിഎത്തിലിൻ പോലുള്ളവ ഉപയോഗിക്കാം. രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ഓഫീസുകൾ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം.
പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പരിശീലന ക്യാമ്പുകൾ എന്നിവിടങ്ങളിൽ സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മാത്രമേ ഭക്ഷണ – പാനീയ വിതരണത്തിന് ഉപയോഗിക്കാവു. പ്ലാസ്റ്റിക് ബോട്ടിലുകൾ, തെർമോകോൾ കപ്പുകൾ, പ്ലാസ്റ്റിക് പാഴ്സലുകൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കണം.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും ഔദ്യോഗിക പരസ്യങ്ങൾക്കും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ പാടുള്ളു. പോളിംഗ് ബൂത്തുകൾ/ വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷൻ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കും. ഭക്ഷണത്തിന് പ്ലാസ്റ്റിക് പാഴ്സലുകൾ ഒഴിവാക്കി പകരം വാഴയിലയിലോ പാത്രങ്ങളിലോ പാഴ്സലുകൾ തയ്യാറാക്കണമെന്നും നിർദ്ദേശമുണ്ട്.


