മഹാരാഷ്ട്രയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

മുംബൈ: മഹാരാഷ്ട്രയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ ജനസംഖ്യയിലുള്ളതിനെക്കാള്‍ ആളുകള്‍ വോട്ടര്‍ പട്ടികയിലുണ്ടായിരുന്നെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, എന്‍സിപി നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി.

മഹാരാഷ്ട്രയില്‍ ജനസംഖ്യയിലുള്ളവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് 2024ലെ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലുള്ള ആളുകളുടെ എണ്ണം. ഇക്കാര്യത്തില്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. 2019- 2024 ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ 32 ലക്ഷം വോട്ടര്‍മാരെയാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ അതിന് ശേഷം അഞ്ച് മാസം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ 39 ലക്ഷം വോട്ടര്‍മാരെ കൂട്ടിച്ചേര്‍ത്തെന്നും ഇതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമാണ് രാഹുല്‍ഗാന്ധിയുടെ ആരോപണം.




തെരഞ്ഞെടുപ്പ് കമ്മീഷനോട് വോട്ടര്‍ പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ടിട്ട് അവര്‍ അതിന് തയ്യാറാകുന്നില്ല. അത് തന്നെ അത്ഭുതപ്പെടുത്തുന്നു. കാരണം ഇതില്‍ ഒളിക്കാനുള്ള എന്തോ അവര്‍ക്ക് ഉണ്ട്. തെരഞ്ഞടുപ്പ് കമ്മീഷന്‍ മരിച്ചിട്ടില്ലെങ്കില്‍ തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തയ്യാറാവണം. അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദി സര്‍ക്കാരിന്റെ അടിമയാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്നും രാഹുല്‍ പറഞ്ഞു.



അതേസമയം, രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായതോടെ അതില്‍ നിന്ന് ശ്രദ്ധമാറ്റാനാണ് പ്രതിപക്ഷനേതാവിന്റെ രംഗപ്രവേശം. തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തുകയാണ് വേണ്ടത്. അല്ലെങ്കില്‍ കോണ്‍ഗ്രസിന് പുനരുജ്ജീവനം ഉണ്ടാകില്ലെന്നും ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: