Headlines

ലണ്ടനിൽ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം; പ്രതിമയ്ക്ക് കേടുപാടുകൾ സംഭവിച്ചു.

ലണ്ടൻ: ലണ്ടനിലെ ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. പ്രതിമയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ഗാന്ധി ജയന്തിക്ക് വെറും രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഗാന്ധി പ്രതിമയ്ക്ക് നേരെ ഈ അതിക്രമം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ അപലപനം രേഖപ്പെടുത്തിക്കൊണ്ട് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തുവന്നിട്ടുണ്ട്. അഹിംസയുടെ പാരമ്പര്യത്തിന് നേരെയുള്ള ആക്രമണമാണ് ഉണ്ടായിട്ടുള്ളതെന്ന് ഹൈക്കമ്മീഷൻ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില ചിത്രങ്ങൾ ഗാന്ധി പ്രതിമയുടെ അടിത്തറയിൽ ചില ചുവരെഴുത്തുകൾ പതിച്ചിട്ടുള്ളതായി കാണാമെമെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.


1968 ൽ ഫ്രഡ ബ്രില്യൻ്റ് എന്ന ശിൽപി വെങ്കലത്തിൽ നിർമ്മിച്ച പ്രതിമയ്ക്കാണ് ഇപ്പോൾ കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽ ഗാന്ധിജി നിയമം പഠിച്ചതിൻ്റെ ഓർമയ്ക്കായാണ് പ്രതിമ ഇവിടെ സ്ഥാപിച്ചത്. പിന്നീട് സമാധാനത്തിൻ്റെ പ്രതീകങ്ങൾ ഇതിന് സമീപത്ത് സ്ഥാപിച്ചു. ഹിരോഷിമ-നാഗസാക്കി ആണവാക്രമണത്തെ ഓർമിപ്പിച്ചുകൊണ്ട് ഒരു ചെറി തൈ ഇവിടെ വച്ചു. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര സമാധാന വർഷം 1986 ൻ്റെ ഓർമയ്ക്കായി ഫീൽഡ് മേപ്പിൾ തൈയും പിന്നീട് ഇവിടെ നട്ടു. ലണ്ടനിൽ തന്നെ പീസ് പാർക് എന്ന വിശേഷണവും ഈ ഇടം നേടിയെടുത്തിരുന്നു.

ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ ക്രമണത്തിന് പിന്നാലെ പ്രതിമ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രതിമയ്ക്ക് കേടുപാടുകൾ വരുത്തിയ ആളുകളെ കണ്ടെത്താനായുള്ള അന്വേഷണവും നടക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസും കാംഡൻ കൗൺസിൽ അധികൃതരും വ്യക്തമാക്കി. ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായാണ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. ഈ ദിവസം ലണ്ടനിലെ ഈ പ്രതിമയ്ക്ക് മുന്നിൽ പുഷ്‌പവൃഷ്ടി നടത്തുകയും ഗാന്ധിജി ആലപിച്ചിരുന്ന ഭജന ആലപിക്കുകയും ചെയ്യാറുണ്ട്. പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം ലജ്ജാകരമായ പ്രവൃത്തിയാണെന്നും സംഭവത്തിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അഗാധമായി ദുഃഖിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്യുന്നുവെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: