കാസര്‍കോട്: മംഗലൂരുവില്‍ നിന്ന് ട്രെയിനില്‍ തട്ടിക്കൊണ്ടുപോയ രണ്ടരവയസ്സുകാരിയെ കണ്ടെത്തി. നാടിനെ വീണ്ടും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍ക്കുള്ളില്‍ കാസര്‍കോട്ട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി 7.30ന് നാഗര്‍കോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്‌മെന്റില്‍നിന്നാണു കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുവന്ന എറണാകുളം പറവൂര്‍ സ്വദേശി അനീഷ്‌കുമാറിനെ (49) അറസ്റ്റ് ചെയ്തു. പ്രതിക്കൊപ്പം സംശയകരമായ സാഹചര്യത്തില്‍ കുട്ടിയെ കണ്ടെന്ന വിവരം മറ്റു യാത്രക്കാര്‍ അധികൃതരെ അറിയിച്ചതാണ് വഴിത്തിരിവായത്.
മുംബൈയില്‍നിന്നു മടങ്ങുകയായിരുന്ന അനീഷ്‌കുമാര്‍, മംഗലൂരു റെയില്‍വേ സ്റ്റേഷനില്‍വച്ച് കുട്ടി തന്റെ കയ്യില്‍ പിടിച്ചെന്നും തനിക്കു പെണ്‍കുട്ടി ഇല്ലാത്തതിനാല്‍ ഒപ്പംകൂട്ടിയെന്നുമാണ് റെയില്‍വേ പൊലീസിനോടു പറഞ്ഞത്. തുടര്‍ന്ന് മംഗലൂരു റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. അതിനിടെ, മംഗലൂരു കങ്കനാടിയില്‍ താമസിക്കുന്ന ന്യൂഡല്‍ഹി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ കാണാനില്ലെന്ന പരാതി പൊലീസിനു ലഭിച്ചിരുന്നു.
കുഞ്ഞിന്റെ ചിത്രം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. കങ്കനാടി പൊലീസും മാതാപിതാക്കളും ചൈല്‍ഡ്ലൈന്‍ അധികൃതരും രാത്രി വൈകി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം മാതാപിതാക്കള്‍ക്കു കൈമാറി.

