തിരുവനന്തപുരം: ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റിൽ. കാസർകോട് സ്വദേശി ഹസ്ബുക്ലയെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. വിഴിഞ്ഞം സ്വദേശി അക്ബർഷായ്ക്കും സുഹൃത്തിനും ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് 58,200 രൂപ തട്ടിച്ച കേസിൽ പിടിയിലായി.
ട്രെയിനിൽ മാത്രം സഞ്ചരിക്കുകയും സ്റ്റേഷനിൽ കിടന്നുറങ്ങുകയും ചെയ്തിരുന്നതിനാൽ പോലീസിന് വെല്ലുവിളിയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ മാസങ്ങളുടെ നിരീക്ഷണത്തിന് ശേഷമാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇയാളെ പിടികൂടിയത്. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതിയുണ്ട്.
കേരളത്തിൽ പല സ്ഥലങ്ങളിൽ നിന്നും നിരവധി പേരിൽ നിന്നും വിദേശത്തേക്ക് വിസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് പരാതി. 50,000 രൂപ വീതം നൂറിലധികം പേരിൽ നിന്നായി ഇയാൾ തട്ടിയെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
