Headlines

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിക്ക് അനുമതി നിഷേധിച്ച് മണിപ്പൂർ സർക്കാർ; നടപടി സുരക്ഷാ കാരണങ്ങളാലെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ്

ഇംഫാൽ: രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിക്ക് അനുമതി നിഷേധിച്ച് മണിപ്പൂർ സർക്കാർ. യാത്രയുടെ ഉദ്ഘാടന വേദിയായി കോൺ​ഗ്രസ് നിശ്ചയിച്ചിരുന്ന ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ പരിപാടി നടത്താനാകില്ലെന്നാണ് സർക്കാർ നിലപാട്. സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്താണ് വേദി അനുവദിക്കാത്തതെന്നും മുഖ്യമന്ത്രി എൻ ബീരേൻ സിങ് വ്യക്തമാക്കി.

മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ നിന്നും ജനുവരി 14-ന് യാത്ര ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ, യാത്രയ്ക്ക് മണിപ്പുർ സർക്കാർ അനുമതി നിഷേധിച്ചതായി വിവരം ലഭിച്ചുവെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി വേണു​ഗോപാൽ അറിയിച്ചു. കിഴക്ക് നിന്നും പടിഞ്ഞാറോട്ട് യാത്ര ആരംഭിക്കുമ്പോൾ മണിപ്പുർ എങ്ങിനെ ഒഴിവാക്കാൻ സാധിക്കും. എന്ത് സന്ദേശമാണ് ഇത്തരമൊരു തീരുമാനത്തിലൂടെ രാജ്യത്തെ ജനങ്ങൾക്ക് നൽകുന്നത്. മണിപ്പുരിലെ മറ്റൊരു പ്രദേശത്ത് നിന്നും യാത്ര ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഭരണഘടനയെ സംരക്ഷിക്കൂ’ എന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ നേതൃത്വം നൽകുന്ന ഭാരത് ന്യായ് യാത്രയുടെ മുദ്രാവാക്യം. മണിപ്പുരിൽ നിന്നും ആരംഭിക്കാനിരുന്ന യാത്ര 55 ദിവസം നീളും. മുംബൈയിൽ മാർച്ച് 20-ന് സമാപിക്കും. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന രണ്ടാംഘട്ട ഭാരതപര്യടനത്തിൽ രാഹുലും സംഘാംഗങ്ങളും ദിവസം ശരാശരി 120 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: