ഇടുക്കി: ഇടുക്കിയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തിക്കൊണ്ട് വന്ന ആറര കിലോ ഉണക്ക കഞ്ചാവുമായി സ്വകാര്യ ബസ് ചെക്കർ പിടിയിൽ. എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ എരമല്ലൂർ മങ്ങാട്ട് എം.കെ അബ്ബാസ് (52) ആണ് പിടിയിലായത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചോദ്യംചെയ്യലിൽ ഒഡീഷയിൽ നിന്നുള്ള സംഘത്തിന്റെ കയ്യിൽ നിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങിയതെന്ന് തെളിഞ്ഞു.
കാറിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന 6.590 കിലോഗ്രാം കഞ്ചാവുമായാണ് ഇയാൾ അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ പിടിയിലായത്. ഇരുമ്പുപാലത്തിനു സമീപം പത്താംമൈൽ ഭാഗത്ത് നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാൾ കഞ്ചാവുമായി വന്ന കെ.എൽ 25 ജി 2921 മാരുതി സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു.
അബ്ബാസ് അടിമാലി-മൂന്നാർ റൂട്ടിൽ പ്രൈവറ്റ് ബസ്സിൽ ചെക്കറായി ജോലി ചെയ്ത് വരികയായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇതിനിടെ ഒഡീഷയിൽ നേരിട്ട് പോയി കഞ്ചാവ് വാങ്ങി അടിമാലി മേഖലയിൽ വിൽപ്പന നടത്തുന്നതിനായി കൊണ്ടുവരുന്ന വഴിയാണ് എക്സൈസ് പിടികൂടിയത്. എന്നാൽ ഒഡീഷയിൽ നിന്നും എത്തിച്ച ബാക്കി കഞ്ചാവ് ശേഖരം എവിടെയാണെന്ന് കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ഇയാളോടൊപ്പം കൂടുതൽ സംഘാംഗങ്ങൾ ഉള്ളതായി സൂചനയുണ്ട്. പതിവായി കഞ്ചാവ് എത്തിച്ചു നൽകുന്നവരുടെ വിവരങ്ങളും ശേഖരിക്കേണ്ടതുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം പുക്കാട്ടുപടി മാളയ്ക്കപ്പടി, കുഴുവേലിപ്പടി ഭാഗത്ത് ആലുവ എക്സൈസിന്റെ കഞ്ചാവ് വേട്ട. മാളയ്ക്കപടിയിലെ വാടകവീട്ടിൽനിന്ന് 10 കിലോ കഞ്ചാവ് കണ്ടെടുത്തു. വിൽപ്പനയ്ക്കായി ബൈക്കിലും സ്കൂട്ടറിലും എത്തിയ ബംഗാൾ മൂർഷിദാബാദ് സ്വദേശി ഷംസുദീൻ മൊല്ല (42), അനറുൾ ഇസ്ല്ലാം (52) എന്നിവരെ പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ പി അഭിദാസന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കിലോയ്‌ക്ക് 2000 രൂപ നിരക്കിൽ ബംഗാളിൽനിന്ന് 17 കിലോ കഞ്ചാവ് ഇവർ കൊണ്ടുവന്നു. 25,000 രൂപ നിരക്കിൽ ഏഴ് കിലോ വിറ്റു. ഗൂഗിൾ പേ വഴിയാണ് പണം വാങ്ങിയിരുന്നത്. വിമാനമാർഗം നാട്ടിലേക്ക് പോകുകയും മാസത്തിൽ നാലുതവണ നാട്ടിൽനിന്ന് 20 കിലോവീതം ട്രെയിൻമാർഗം എത്തിച്ചാണ് വിൽപ്പന. ഇവർ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
