നടുറോഡിൽ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ വാക്‌പോര്, കേസെടുത്ത് പോലീസ്

തിരുവനന്തപുരം: റോഡിൽ പരസ്‌പരം വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും. മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച്, ബസ്സിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തിയിട്ട ശേഷമായിരുന്നു തര്‍ക്കം. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.സ്വകാര്യ വാഹനത്തിലായിരുന്നു മേയറും സംഘവും യാത്ര ചെയ്തിരുന്നത്.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് കാർ ബസിന് വട്ടം വച്ചത്. തുടർന്ന് ബസ് ഡ്രൈവറും മേയറും ഒപ്പമുള്ളവരും തമ്മിൽ ഏറെ നേരം തർക്കത്തിൽ ഏർപ്പെടുന്നത് ഉൾപ്പെടെ വീഡിയോ ദൃശ്യങ്ങളിൽ കാണാമായിരുന്നു.

കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും മേയർക്ക് ഒപ്പമുണ്ടായിരുന്നു. കെഎസ്ആർടിസി ഡ്രൈവറായ യദു എൽഎച്ചിനെതിരെയാണ് കന്റോൺമെന്റ് പോലീസ് മേയറുടെ പരാതിയിൽ കേസെടുത്തത്.

ഇതിന് പിന്നാലെ കാർ ബസിന് കുറുകെയിട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് കെഎസ്ആർടിസി ഡ്രൈവറും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഡ്രൈവറുടെ പരാതിയിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി പരിശോധിച്ച ശേഷമാവും കേസെടുക്കുക എന്നാണ് പോലീസ് അറിയിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശമ്പളം തന്നിട്ട് സംസാരിക്കൂ നിന്നുൾപ്പെടെ ഡ്രൈവർ പറയുന്നത് കേൾക്കാമായിരുന്നു. മേയറുടെ ഔദ്യോഗിക കാറല്ല, സ്വകാര്യ വാഹനത്തിലായിരുന്നു ആര്യ രാജേന്ദ്രനും സംഘവും സഞ്ചരിച്ചിരുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: