പൂജിക്കാനായി വിഗ്രഹത്തിൽ ചാർത്തിയ ഒന്നരപ്പവനിലേറെയുള്ള സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ. കോഴിക്കോട് പന്തീരാങ്കാവ് വിഷ്ണു ക്ഷേത്രത്തിലെ പൂജാരിയേയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ പാലക്കാട് കപ്പൂർ സ്വദേശി അന്തിയാളൻ കാവ് മഠത്തിൽ ഹരികൃഷ്ണൻ ആണ് അറസ്റ്റിലായത്. പൂജിക്കാനായി ക്ഷേത്രത്തിൽ നൽകിയ സ്വർണമാല രണ്ടാഴ്ച കഴിഞ്ഞിട്ടും
തിരികെ കിട്ടാതായതോടെ ഭക്ത ക്ഷേത്രകമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു.ഇതോടെയാണ് മോഷണ ശ്രമം പുറത്തറിയുന്നത്. തുടർന്ന് ക്ഷേത്രഭാരവാഹികൾ നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിൽ സ്ഥിരം ഉപയോഗിക്കുന്ന ദേവന്റെ 13.45 ഗ്രാമുള്ള മാല നഷ്ടപ്പെട്ട വിവരവും തിരിച്ചറിയുന്നത്.
