ഇന്റർ മിയാമിക്കു വേണ്ടിയുള്ള രണ്ടാമത്തെ മത്സരത്തിലും തകർപ്പൻ പ്രകടനവുമായി ലയണൽ മെസി. ആദ്യത്തെ മത്സരത്തിൽ പകരക്കാരനായി കളത്തിലിറങ്ങി ഇഞ്ചുറി ടൈമിൽ ഫ്രീകിക്ക് ഗോൾ നേടി ടീമിനെ വിജയത്തിലെത്തിച്ച ലയണൽ മെസി ഇന്നലെ നടന്ന മത്സരത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. അറ്റ്ലാന്റ യുണൈറ്റഡിനെതിരെ നടന്ന ലീഗ് കപ്പിലെ മത്സരത്തിൽ ഇന്റർ മിയാമി എതിരില്ലാത്ത നാല് ഗോളുകളുടെ വിജയവും സ്വന്തമാക്കി.
കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് കൂടുതൽ ഒത്തിണക്കം വന്ന ഇന്റർ മിയാമിയെയാണ് കളിക്കളത്തിൽ കണ്ടത്. മത്സരത്തിൽ ആധിപത്യം പുലർത്തിയ അവർ ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്ത് ഗോളുകൾ സ്വന്തമാക്കി. എട്ടാം മിനുട്ടിൽ തന്നെ മെസി ടീമിനെ മുന്നിലെത്തിച്ചു. ബുസ്‌ക്വറ്റ്‌സിന്റെ ഒരു ലോങ്ങ് പാസ് പിടിച്ചെടുത്ത മെസി ഷോട്ടുതിർത്തെങ്കിലും പന്ത് പോസ്റ്റിൽ തട്ടി തെറിച്ചു വന്നു. അതിന്റെ റീബൗണ്ടിൽ നിന്നുമാണ് മെസി വല കുലുക്കിയത്
കഴിഞ്ഞ മത്സരത്തിൽ ക്രൂസ് അസൂലിനോട് വിജയം നേടിയെങ്കിലും ഇന്റർ മിയാമിയെ വിറപ്പിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മിയാമി തന്നെയാണ് മികച്ചു നിന്നത്. ഈ സീസണിൽ മോശം ഫോമിലായിരുന്നു ടീം ലയണൽ മെസിയുടെ വരവോടെ വലിയൊരു മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇനി ലീഗിലും ഇതേ ഫോം തുടർന്ന് പ്ലേ ഓഫിൽ ഇടം പിടിക്കാനായിരിക്കും ലയണൽ മെസിയുടെയും സംഘത്തിന്റെയും ലക്‌ഷ്യം
