ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് മിന്നും ജയം. വെനസ്വലയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലോക ചാമ്പ്യന്മാര്‍ തോല്‍പ്പിച്ചത്. ലയണല്‍ മെസിയാണ് ടീമിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. രണ്ടു ഗോളുകളാണ് മെസിയുടെ കാലില്‍ നിന്ന് പിറന്നത്.
ലൗട്ടാരോ മാര്‍ട്ടിനെസിന്റെ വകയാണ് മൂന്നാമത്തെ ഗോള്‍. മെസി വിരമിക്കല്‍ സംബന്ധിച്ച് ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് അദ്ദേഹത്തിന്റെ സ്വന്തം ഗ്രൗണ്ടിലെ അവസാന മത്സരമായിരിക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യോഗ്യതാ മത്സരങ്ങളില്‍ 38 പോയിന്റുമായി (12 വിജയങ്ങള്‍, 2 സമനിലകള്‍, 3 തോല്‍വികള്‍) അര്‍ജന്റീന ഇതിനകം തന്നെ ലോകകപ്പ് കളിക്കാനുള്ള യോഗ്യത നേടി കഴിഞ്ഞു. മറുവശത്ത്, തെക്കേ അമേരിക്കന്‍ യോഗ്യതാ മത്സരങ്ങളില്‍ നിന്ന് വെനസ്വലയ്ക്ക് 18 പോയിന്റ് ആണ് ഉള്ളത്.
39, 80 മിനിറ്റുകളിലാണ് മെസി ഗോള്‍ വല കുലുക്കിയത്. മാര്‍ട്ടിനെസ് 76-ാമത്തെ മിനിറ്റിലാണ് ഗോള്‍ നേടിയത്. മെസി തന്റെ 72-ാം ലോകകപ്പ് യോഗ്യതാ മത്സരമാണ് കളിച്ചത്. മറ്റൊരു കളിക്കാരനും തെക്കേ അമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ ഇത്രയും കാലം കളിച്ചിട്ടില്ല.
