150 കോടി ദൈനദിന ഉപഭോക്താക്കളുള്ള വാട്‌സാപ്പിന്റെ ചരിത്രത്തിൽ സുപ്രധാനമായ മാറ്റം. വാട്‌സാപ്പില്‍ പരസ്യങ്ങള്‍ കാണിച്ചു തുടങ്ങി. വാട്‌സാപ്പിലെ സ്റ്റാറ്റസ് ഫീച്ചര്‍ വഴി സ്‌പോണ്‍സേര്‍ഡ് കണ്ടന്റ് എന്ന പേരിലാണ് പരസ്യങ്ങള്‍ കാണിക്കുന്നത്. തിങ്കളാഴ്ചയാണ് മെറ്റ ഈ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. വാട്‌സാപ്പില്‍ ഉപഭോക്താക്കളുടെ കോണ്ടാക്ട്‌ലിസ്റ്റിലുള്ളവര്‍ പങ്കുവെക്കുന്ന സ്റ്റാറ്റസുകള്‍ക്കിടയിലാണ് പരസ്യങ്ങളും പ്രദര്‍ശിപ്പിക്കുക.
മെറ്റയുടെ അക്കൗണ്ട് സെന്ററുമായി വാട്‌സാപ്പ് ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളും വാട്‌സാപ്പ് സ്റ്റാറ്റസില്‍ കാണും. ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍, പ്രൊമോട്ടഡ് ചാനല്‍സ്, സ്റ്റാറ്റസിലെ പരസ്യങ്ങള്‍ എന്നിങ്ങനെ മൂന്ന് പുതിയ ഫീച്ചര്‍ അപ്‌ഡേറ്റുകളാണ് വാട്‌സാപ്പ് പ്രഖ്യാപിച്ചത്.
ചാനലുകള്‍ക്ക് ഫോളോവര്‍മാരില്‍ നിന്നും പണം ഈടാക്കാന്‍ സഹായിക്കുന്ന ഫീച്ചര്‍ ആണ് ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍. വാട്‌സാപ്പ് ചാനലുകളിലെ ഉള്ളടക്കങ്ങള്‍ക്ക് വരിസംഖ്യ ഈടാക്കാന്‍ ഈ ഫീച്ചര്‍ അനുവദിക്കുന്നു. ചാനലുകളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ എക്‌സ്‌പ്ലോര്‍ സെക്ഷനില്‍ ഉപഭോക്താക്കള്‍ എളുപ്പം കാണും വിധം ചാനലുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് പ്രൊമോട്ടഡ് ചാനല്‍ ഫീച്ചര്‍. ഉപഭോക്താക്കളില്‍ നിന്നുള്ള പരിമിതമായ വിവരങ്ങള്‍ ഉപയോഗിച്ചാണ് വാട്‌സാപ്പിലെ പരസ്യവിതരണം. നിങ്ങളുടെ നഗരം അല്ലെങ്കില്‍ രാജ്യം, ഭാഷ, നിങ്ങള്‍ ഫോളോ ചെയ്യുന്ന ചാനലുകള്‍, പരസ്യങ്ങളോടുള്ള നിങ്ങളുടെ പ്രതികരണ രീതി തുടങ്ങിയവ എന്നിവ പരസ്യ വിതരണത്തിനായി വിലയിരുത്തും.
മെറ്റയുടെ എറെ കാലമായുള്ള ശ്രമമാണ് വാട്‌സാപ്പില്‍ നിന്ന് വരുമാനമുണ്ടാക്കുക എന്നുള്ളത്. അതിന്റെ ശ്രമങ്ങളുടെ ഫലമായാണ് ഈ പുതിയ അപ്‌ഡേറ്റ്. അതെ സമയം, പരസ്യങ്ങള്‍ പേഴ്‌സണല്‍ ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും മെസേജുകളിലും കാണിക്കില്ലെന്നും കമ്പനി ഉറപ്പുനല്‍കുന്നു. പരസ്യ ദാതാക്കളുമായി ഉപഭോക്താവിന്റെ ഫോണ്‍ നമ്പറുകള്‍ പങ്കുവെക്കില്ലെന്നും വ്യക്തിഗത സന്ദേശങ്ങള്‍, കോളുകള്‍, ഗ്രൂപ്പ് ആക്ടിവിറ്റി എന്നിവ പരസ്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കില്ലെന്നും അവയെല്ലാം എന്‍ക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി ഉറപ്പുനല്‍കുന്നു
