തിരുവനന്തപുരം : മിൽമ പാലിൽ മായം ചേർത്തിട്ടുണ്ടെന്ന തരത്തിൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർക്കെതിരെ മിൽമ അധികൃതർ. ഇത്തരത്തിലുള്ള അവകാശവാദം വിഡ്ഢിത്തത്തിൽ നിന്ന് ഉറവെടുത്തതാണെന്ന് വിശദീകരിച്ച മിൽമ, അപകീർത്തിപ്പെടുത്തിയതിൽ യൂട്യൂബർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ്റ് വ്യക്തമാക്കി. മിൽമ പാലിൽ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കാൻ ബാലിശമായ പരീക്ഷണമാണ് യൂട്യൂബർ നടത്തിയിട്ടുള്ളതെന്ന് മിൽമ പറഞ്ഞു. പത്ത് മിനിറ്റുള്ള വീഡിയോയിൽ മിൽമയുടെയും മറ്റ് രണ്ട് കമ്പനികളുടെയും പാലുമാണ് ഇയാൾ പരിശോധിക്കുന്നത്. ലാബ് പരിശോധനകളുമായി പുലബന്ധം പോലുമില്ലാത്ത രീതികൾ വഴി ഉപഭോക്താക്കളുടെ ഇടയിൽ പരിഭ്രാന്തി പരത്താനും അതു വഴി മിൽമയുടെ സൽപ്പേര് കളങ്കപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്ന് മിൽമ ചെയർമാൻ കെ.എസ് മണി കുറ്റപ്പെടുത്തി.
