തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. റിപ്പോർട്ടിൽ ചില അനാസ്ഥകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നാളെ ലഭ്യമാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ മകനാണ് മിഥുൻ. മിഥുന്റെ കുടുംബത്തിന് പിന്തുണ നൽകും.മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകും.സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുക.പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്കൗട്സ് ആൻഡ് ഗൈഡ്‌സ് സംസ്ഥാന പ്രസിഡന്റ്.
പാരിപ്പള്ലി മെഡിക്കൽ കോളേജിലെത്തി മന്ത്രി മിഥുന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. ധനമന്ത്രി കെ എൻ ബാലഗോപാലും മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ വെളിയാഴ്ച നിശ്ചയിച്ചിരുന്ന പരിപാടികളിൽ മന്ത്രി പങ്കെടുക്കില്ലെന്നും അറിയിച്ചു.
എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ സഹപാഠികൾക്കൊപ്പം ഫുട്ബോൾ കളിക്കുമ്പോൾ ചെരുപ്പ് ഷീറ്റിനു മുകളിൽ വീണതിനെ തുടർന്ന് എടുക്കാൻ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റ് മരിച്ചത്. ക്ലാസുകൾ തുടങ്ങുന്നതിനു മുമ്പ് രാവിലെ 8:30 ഓടെയാണ് ദാരുണ സംഭവം.
താഴ്ന്ന നിലയിലുള്ല ഒരു വൈദ്യുത കമ്പിയിൽ തട്ടിയാണ് മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ചത്. വായിൽ നിന്ന് നുരയും പതയും വരുന്നതായി രക്ഷപ്പെടുത്താനാകാതെ രംഗം കണ്ടു നിന്ന സഹപാഠികളിലൊരാൾ പറഞ്ഞു. മതിയായ ഉയരത്തിലായിരുന്നില്ല വൈദ്യതി ലൈൻ കിടന്നിരുന്നതന്നും ദൃക്സാക്ഷികൾ പറഞ്ഞു.
