മഹാരാജ്ഗഞ്ചിലെ ഹാർഡി ഡോളി ഗ്രാമത്തിൽ ഒരു വീട്ടിലെ ടോയ്‍ലെറ്റ് ടാങ്കിന്റെ അടിയിൽ നിന്നും മറ്റുമായി പിടികൂടിയത് എഴുപതിലധികം പാമ്പുകളെ. നേരത്തെയും ഗ്രാമത്തിലെ വീടുകളിൽ പാമ്പുകൾ കയറിയിട്ടുണ്ടെങ്കിലും ഇത്രയേറെ പാമ്പുകളെ ഒരുമിച്ച് ഒരേ വീട്ടിൽ നിന്നും കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഗ്രാമവാസികൾ. നേപ്പാൾ ബോർഡറിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് കാടുകൾ ഉള്ളതിനാലാവാം ഇത്രയധികം പാമ്പുകൾ ഇവിടങ്ങളിലെത്തുന്നത് എന്നാണ് കരുതുന്നത്. ഒടുവിൽ വനം വകുപ്പെത്തി പാമ്പുകളെ പിടികൂടി കാട്ടിലേക്കയച്ചു.
വീട്ടുടമസ്ഥൻ കുളിമുറി വൃത്തിയാക്കുമ്പോൾ ഒരു ശബ്ദം കേട്ട് അയാൾ അവിടമാകെ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് വാട്ടർ ടാങ്കിനടിയിൽ ഒരു പാമ്പ് ഒളിച്ചിരിക്കുന്നത് കണ്ടത്. ഇതോടെ ഇയാൾ പേടിച്ചു. ചുറ്റിനും നോക്കിയപ്പോൾ ആ സമയത്താണ് അവിടെ ഒന്നോ രണ്ടോ അല്ല അനേകം പാമ്പുകൾ ഉണ്ട് എന്ന് അയാൾക്ക് മനസിലായത്. ഉടനെ തന്നെ അയാൾ അയൽക്കാരെ കൂടി വിവരം അറിയിച്ചു. അയൽക്കാരെല്ലാം സംഭവം കേട്ടറിഞ്ഞ് ഇയാളുടെ വീട്ടിൽ എത്തുകയും ചെയ്തു. എന്നാൽ, പിന്നീട് ടോയ്ലെറ്റ് ടാങ്കിനടിയിൽ മാത്രമല്ല, വീട്ടിലെ വെള്ളം കെട്ടിക്കിടക്കുന്ന പല സ്ഥലങ്ങളിലും പാമ്പുകൾ ഉണ്ടെന്ന് കണ്ടെത്തുകയായിന്നു.
ഉടനെ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. അവർ സ്ഥലത്തെത്തി. മുഴുവൻ പാമ്പുകളെയും അവർ മാറ്റിയത് മണിക്കൂറുകളുടെ പ്രയത്നത്തിന് ശേഷമാണ്. പിന്നീട് ഇവയെ ജനവാസമില്ലാത്ത അത്രയും ദൂരെ കാട്ടിൽ ഇറക്കിവിട്ടു. ചൂട് കൂടിയ സമയമായതിനാൽ തന്നെ അതിൽ നിന്നു രക്ഷ നേടാനും കൂടിയാവാം ഇത് തണുപ്പും വെള്ളവുമുള്ള സ്ഥലങ്ങളിലേക്ക് എത്തുന്നത് എന്നും കരുതുന്നു.
