തൃശൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. തൃശ്ശൂരിൽ ആര്‍എസ്എസിന്റെ വിജയദശമി പഥസഞ്ചലന പൊതുപരിപാടിയില്‍ അദ്ധ്യക്ഷനായാണ് ഔസേപ്പച്ചന്‍ പങ്കെടുക്കുന്നത്. വടക്കുനാഥ ക്ഷേത്ര മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിലാണ് പരിപാടി. ഔസേപ്പച്ചനൊപ്പം ആര്‍എസ്എസിന്റെ പ്രമുഖ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
എന്നാൽ ഔസേപ്പച്ചൻ ബിജെപിയിൽ അംഗത്വം എടുത്തതായോ സംഘപരിവാർ നിലപാടുകൾ സ്വീകരിച്ചതായോ ഇതുവരെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. കേരളത്തിലെ ആദ്യത്തെ വനിത ഡിജിപി ആയ ആർ ശ്രീലേഖ കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്നിരുന്നു. ഈ വിവാദങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഔസേപ്പച്ചനെ ആർഎസ്എസ് വേദിയിൽ കാണുന്നത്.
ആര്‍എസ്എസിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് വിജയദശമി ദിവസത്തിലെ പഥസഞ്ചലനം. ആ പരിപാടിയുടെ പൊതുപരിപാടിയില്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരാളെ പങ്കെടുപ്പിക്കുന്നത് ശ്രദ്ധേയമാണ്. തൃശൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപിയുടെ വിജയത്തിന് ശേഷമാണ് ഇതെന്നതും ശ്രദ്ധേയമാണ്.
ക്രൈസ്തവ വിഭാഗങ്ങളെ ആകര്‍ഷിച്ചതിനാലാണ് സുരേഷ് ഗോപിയുടെ വിജയം സാധ്യമായതെന്ന വിലയിരുത്തല്‍ ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിനുണ്ട്. ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള തൃശൂര്‍, ഒല്ലൂര്‍, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലെല്ലാം സുരേഷ് ഗോപിക്ക് ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞിരുന്നു. ലോക്‌സഭയിലേക്ക് നേടിയ വിജയം ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിലും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഔസേപ്പച്ചനെ ആര്‍എസ്എസ് വേദിയിലെത്തിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

