മലപ്പുറം: മലപ്പുറം കാളികാവ് ഉദിരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ദുരുഹത. കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദ്ദിച്ചു കൊന്നതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഫായിസിനെതിരെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഫായിസിന്റെ മകള്‍ നസ്‌റീന്‍ ഇന്നലെയാണ് മരിച്ചത്.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്ന് പറഞ്ഞാണ് പിതാവ് ഫായിസ് കുട്ടിയെ വണ്ടൂരിലെ ആശുപത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍ കുട്ടിയെ പിതാവ് ഫായിസ് പതിവായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയെ അലമാരയിലേക്ക് ഉന്തിയിട്ടും കട്ടിലിലേക്ക് എറിഞ്ഞുമൊക്കെയാണ് കൊലപ്പെടുത്തിയതെന്നാണ് കുട്ടിയുടെ അമ്മൂമ്മ റംലത്ത് പറഞ്ഞു.
കുട്ടിയുടെ ശരീരത്തില്‍ പാടുകളുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കുട്ടിയുടെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കുടുംബ പ്രശ്‌നം ഉണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. കാളികാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണത്തില്‍ കൂടുതല്‍ വ്യക്തത വരൂവെന്ന് പൊലീസ് സൂചിപ്പിച്ചു

