തിരുവനന്തപുരം : കണ്ടല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവും നിലവിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറുമായ എൻ.ഭാസുരാംഗനെ സിപിഐ പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കം ചെയ്തതായി സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അറിയിച്ചു.സിപിഐ ജില്ലാ എക്സിക്യൂട്ടീവിലാണ് തീരുമാനം. കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വവും നിർദേശിച്ചിരുന്നു.
എൻ ഭാസുരാംഗനെ മില്‍മയുടെ ചുമതലയിൽ നിന്നും നീക്കം ചെയ്തു. മില്‍മയുടെ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ ചുമതലയിൽ നിന്നാണ് മാറ്റിയത്. ഭാസുരാംഗനെ മില്‍മയുടെ ചുമതലയില്‍നിന്ന് നീക്കിയതായും ഇതുസംബന്ധിച്ച് ഇന്ന് തന്നെ ഉത്തരവിറങ്ങുമെന്നും മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ചുമതലകളില്‍നിന്ന് നീക്കികൊണ്ടുള്ള ഉത്തരവിറക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു നിലവിൽ സിപിഐ കാട്ടാക്കട മണ്ഡലം കമ്മിറ്റിയംഗവും കിസാൻ സഭ ജില്ലാ പ്രസിഡന്റുമായിരുന്നു ഭാസുരാംഗൻ. മാറനെല്ലൂർ ആസിഡാക്രമണത്തെ തുടർന്ന് ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും കൗൺസിലിൽ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു.

