നാമജപഘോഷയാത്ര: എൻഎസ്എസിനെതിരെ പൊലീസെടുത്ത കേസ് പിൻവലിക്കും

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രക്കെതിരായ കേസ് പിൻവലിക്കും. കേസ് പിൻവലിക്കാമെന്ന് കന്റോൺമെന്റ് പൊലീസിന് നിയമോപദേശം ലഭിച്ചു. പബ്ലിക് പ്രോസിക്യൂട്ടറാണ് ഇതുസംബന്ധിച്ച് നിയമോപദേശം നൽകിയത്. ഘോഷയാത്രയിൽ അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ല. കേസ് പിൻവലിക്കാനുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നും പൊലീസ് അറിയിച്ചു.

നാമജപ ഘോഷയാത്രക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പാളയം മുതൽ പഴവങ്ങാടി വരെയായിരുന്നു എൻഎസ്എസിന്റെ നാമജപ ഘോഷയാത്ര. കൻ്റോൺമെൻറ് പൊലീസ് ഇതിനെതിരെ കേസ് എ‌ടുത്തിരുന്നു. ഘോഷയാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെയായിരുന്നു കേസ്. പൊലീസ് നിർദ്ദേശം ലംഘിച്ചാണ് ഘോഷയാത്ര നടത്തിയിരിക്കുന്നതെന്നാണ് എഫ്ഐആറിൽ പറഞ്ഞിരുന്നത്.

സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരുന്നത്. ഗതാഗത തടസം സൃഷ്ടിച്ചു, അനുമതിയില്ലാതെ ഘോഷയാത്ര നടത്തി, തുടങ്ങിയവയായിരുന്നു ചുമത്തിയിരുന്ന കുറ്റം. ജാഥ നടത്തുമെന്ന് അറിയിച്ചുകൊണ്ട് കൻ്റോൺമെന്റ് സ്റ്റേഷൻ, ഫോ‍ർട്ട് പൊലീസ് സ്റ്റേഷൻ, ഡിജിപി എന്നിവർക്ക് മെയിൽ അയച്ചിരുന്നുവെന്ന് സംഗീത് നേരത്തേ പറഞ്ഞിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: