കാട്ടാക്കട: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പോതുയോഗം നടത്താനായി കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ മതിൽ പൊളിച്ചു. തിങ്കളാഴ്ച നടക്കുന്ന പൊതുയോഗത്തിൽ എത്തുന്ന വലിയ വാഹനങ്ങൾ ഉൾപ്പെടെ അകത്തേയ്ക്ക് പ്രവേശിക്കുന്നതിനാണ് മതിൽ പൊളിച്ചത്. കോളേജിന്റെ മുൻഭാഗത്തുള്ള ചുറ്റുമതിൽ രണ്ടിടത്തായിട്ടാണ് പൊളിച്ചത്. കോളേജ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ നിലവിൽ രണ്ട് കവാടങ്ങള്‍ ഉള്ളപ്പോഴാണ് കരിങ്കല്‍ മതില് പൊളിച്ചുമാറ്റി രണ്ട് പുതിയ കവാടങ്ങള്‍ പണിയുന്നത്.
ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ പൊതുയോഗത്തിനെത്തുമെന്ന പ്രതീക്ഷയില്‍ കൂറ്റന്‍ പന്തലാണ് ഉയരുന്നത്. കിള്ളിയില്‍ പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് മൈതാനിയില്‍ പ്രധാനമന്ത്രിയുമായി വരുന്ന ഹെലിക്കോപ്ടര്‍ ഇറക്കാനായിരുന്നു ആദ്യ തീരുമാനം.
എന്നാല്‍, സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് തൂങ്ങാംപാറ ചെട്ടിക്കോണത്തെ സ്വകാര്യ സ്ഥലത്താണിപ്പോള്‍ ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ട്രയല്‍ റണ്‍ ശനിയാഴ്ച നടന്നു.
സുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും പൂര്‍ത്തിയായി വരുന്നതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗത നിയന്ത്രണവും ഉണ്ടാകും.

