തിരുവനന്തപുരം പാലോട് ഇളവട്ടത്ത് ഭർതൃവീട്ടിൽ നവവധു മരിച്ചനിലയിൽ . കൊളച്ചൽ കൊന്നമൂട് സ്വദേശി ഇന്ദുജയാണ് മരിച്ചത്. 25 വയസായിരുന്നു. കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിമരിച്ചനിലയിലാണ്.
ഭക്ഷണം കഴിക്കാനായി അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കാണുന്നത്.വീട്ടിൽ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ദുജയും അഭിജിത്തും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്ന് മാസം മുമ്പ് ഇന്ദുജയെ വീട്ടിൽ നിന്നും വിളിച്ചിറക്കി അമ്പലത്തിൽവെച്ച് കല്യാണം കഴിക്കുകയായിരുന്നു.
പെൺകുട്ടിയുടെ വീട്ടുകാരുമായി ഇരുവർക്കും ബന്ധമില്ലെന്നാണ് വിവരം. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനാണ്.
