നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസില്‍ യാത്രക്കാരിയുടെ സ്വർണ പാദസരം മോഷ്ടിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസില്‍ യാത്രക്കാരിയുടെ സ്വർണ പാദസരം മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം ചക്കരപറമ്പ് സ്വദേശി ശ്രീജിത്താണ് പിടിയിലായത്. തിരുവനന്തപുരം റെയിൽവേ പൊലീസും ആർപിഎഫും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം 25നാണ് സംഭവം. നിലമ്പൂരിൽ നിന്ന് രാജ്യറാണി എക്സ്പ്രസിൽ യാത്ര ചെയ്ത നെയ്യാറ്റിൻകര സ്വദേശിനിയുടെ പാദസരമാണ് കൊച്ചുവേളി സ്റ്റേഷനിൽ വെച്ച് ശ്രീജിത്ത് മോഷ്ടിച്ചത്.ശ്രീജിത്തും ഇതേ ട്രെയ്നിലാണ് കൊച്ചുവേളിയിലേക്ക് യാത്ര ചെയ്തത്. രാവിലെ അഞ്ചരയ്ക്ക് കൊച്ചുവേളി സ്റ്റേഷനിലെത്തിയ ട്രെയിൻ നാഗർകോവിലേക്കുള്ള യാത്രക്ക് മുൻപായി നിർത്തിയിട്ട സമയത്തായിരുന്നു മോഷണം. ബർത്തിൽ കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയുടെ വലതു കാലിലെ സ്വർണ പാദസരം പ്രതി കട്ട് ചെയ്ത് എടുക്കുകയായിരുന്നു.

പിന്നാലെ ഇടതുകാലിലെ പാദസരവും കട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ യുവതി ഉണരുകയും ശ്രീജിത്ത് വലതുകാലിലെ പാദസരം എടുത്ത് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി രക്ഷപ്പെടുകയുമായിരുന്നു. ഇലക്ട്രീഷ്യനായ പ്രതി കട്ടിംഗ് പ്ലെയർ ഉപയോഗിച്ചാണ് പാദസരം കട്ട് ചെയ്തത്. യുവതി റെയിൽവേ പൊലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി അങ്ങാടിപ്പുറത്ത് നിന്ന് പിടിയിലായത്. പട്ടം സ്വദേശിനിയെ വിവാഹം കഴിച്ച ശ്രീജിത്ത് ആഴ്ചയിൽ ഒരിക്കൽ ട്രെയ്നിൽ തിരുവനന്തപുരത്ത് എത്താറുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: