‘വടക്കേ ഇന്ത്യ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന യുദ്ധക്കളം; രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടും’ – ബിനോയ് വിശ്വം

തിരുവനന്തപുരം: രാഹുൽ ഗാന്ധി ബിജെപി ഒരിക്കലും ജയിക്കാത്ത കേരളത്തിൽ മത്സരിക്കുന്നത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ മത്സരത്തിലെ പ്രധാന യുദ്ധക്കളം വടക്കേ ഇന്ത്യയാണെന്നും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാമോ എന്നു കോൺഗ്രസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്തുന്നതു യാഥാർഥ്യബോധമില്ലാത്ത കോൺഗ്രസ് നിലപാടാണ്. കോൺഗ്രസിനു പഴയ പ്രതാപമില്ല എന്ന സത്യം അവർ തിരിച്ചറിയണം. സീറ്റ് വിഭജനത്തിൽ അത് ഓർമയുണ്ടാകണം. ഇന്ത്യ മുന്നണി യോഗത്തിൽ ഈ വിഷയം മുന്നോട്ടു വന്നാൽ സിപിഐ ചർച്ചയ്ക്കു തയാറാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

കേരളത്തിലെ 20 സീറ്റുകളിലും ഇടതുപക്ഷം വിജയിക്കണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും നിലവിലെ ‌മോദി ഭരണം തുടരാൻ പാടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.പ്രതിപക്ഷം ഇല്ലാത്ത പാർലമെൻ്റ് വേണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. മോദിയുടെ ഗ്യാരണ്ടികളൊന്നും നടപ്പിലാകില്ലെന്നും പഴയ ഗ്യാരണ്ടികൾപോലും നടപ്പിലായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: