കോഴിക്കോട്: കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരി താമരശ്ശേരി തച്ചംപൊയിൽ സ്വദേശിനി ഇരട്ടക്കുളങ്ങര പുഷ്പ എന്ന റജീന അറസ്റ്റിലായി. മാരക ലഹരി മരുന്നതായ 60 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ആനോറമ്മലിലെ വാടകവീട്ടിൽ നിന്നാണ് റജീനയെ കോഴിക്കോട് റൂറൽ എസ്പി നിധിൻ രാജ് പി ഐപിഎസിന്റെ കീഴിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ലഹരി വിൽപന, പൊലീസിനെ ആക്രമിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇവർ.
മൂന്ന് മാസത്തോളമായി ഈ വാടക വീട്ടിൽ ഭർത്താവും കൂട്ടാളികളുമൊത്ത് ഇവർ മയക്കുമരുന്ന് വിൽപന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് വിശദമാക്കുന്നത്. ബെംഗളുരുവിൽ നിന്നും ഒഡിഷയിൽ നിന്നും കൂട്ടാളികൾ എത്തിച്ചു നൽകുന്ന ലഹരിവസ്തുക്കൾ ഇവരാണ് പാക്ക് ചെയ്ത് ഉപയോക്താക്കൾക്ക് എത്തിക്കുന്നത്. മുറിയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവിടെ നിന്ന് കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. 2023 മെയിൽ റജീന ഉൾപ്പെടെ നാലംഗ സംഘത്തെ ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിലെ വാടക വീട്ടിൽ നിന്നും 9.100 കിലോ ഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു.
നിരവധി കേസുകളിൽ റജീനയും കൂട്ടാളികളും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ താമരശ്ശേരി കൂരിമുണ്ടയിൽ നാട്ടുകാരെ ആക്രമിക്കുകയും പൊലീസ് ജീപ്പ് തകർക്കുകയും ചെയ്തത് ഇവരുൾപ്പെട്ട ലഹരി മാഫിയ സംഘമായിരുന്നു. ഈ കേസിലും ഇവർ ശിക്ഷിക്കപ്പെട്ടിരുന്നു.
നാർക്കോട്ടിക് സെൽ ഡിവൈ എസ്പി പ്രകാശൻപടന്നയിൽ, താമരശ്ശേരി ഡിവൈ എസ്പി പി. പ്രമോദ്, താമരശ്ശേരി ഇൻസ്പക്ടർ സായൂജ്കുമാർ എന്നിവരുടെ നിർദേശപ്രകാരം താമരശ്ശേരി എസ്‌ഐ ബിജു ആർസി, സ്‌പെഷ്യൽ സ്‌ക്വാഡ് എസ്‌ഐമാരായ രാജീവ് ബാബു, ബിജു പി, എഎസ്‌ഐ ശ്രീജ എടി, എസ്‌സിപിഒമാരായ ജയരാജൻ എൻഎം, ജിനീഷ് പിപി, പ്രവീൺ സിപി, സിപിഒ മാരായ ശ്രീജിത് സികെ, ജിജീഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

