പീച്ചി ഡാം റിസർവോയറിൽ വീണ നാല് വിദ്യാർത്ഥിനികളിൽ ഒരാൾ മരിച്ചു

തൃശ്ശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ നാല് വിദ്യാർത്ഥിനികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകൾ അലീനാ ഷാജനാണ് (16) മരിച്ചത്. ചികിത്സയിൽ കഴിയുന്ന മൂന്നുപേരിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്. തൃശ്ശൂർ സെയ്ന്റ് ക്ലേയേഴ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച അലീന. തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവെ ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയാണ് മരണം സംഭവിച്ചത്. സഹോദരി: ക്രിസ്റ്റീന.

ഞായറാഴ്ച വൈകിട്ട് മൂന്നോടെ തെക്കേക്കുളം ഭാഗത്താണ് സംഭവം. പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ പാറശ്ശേരി വീട്ടിൽ സജിയുടെയും സെറീനയുടെയും മകൾ ആൻ ഗ്രേസ് (16), ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകൾ അലീനാ ഷാജൻ (16), മുരിങ്ങത്തുപറമ്പിൽ ബിനോജിന്റെയും ജൂലിയുടെയും മകൾ എറിൻ (16), പീച്ചി സ്വദേശിനി പുളിയമ്മാക്കൽ ജോണിയുടെയും ഷാലുവിന്റെയും മകൾ നിമ (12) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

നാലുപേരും തൃശ്ശൂർ സെയ്ന്റ് ക്ലേയേഴ്‌സ് സ്‌കൂളിലെ വിദ്യാർത്ഥിനികളാണ്. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തിൽപ്പെട്ട മൂന്നുപേർ. പള്ളിപ്പെരുന്നാൾ ആഘോഷത്തിന് ഹിമയുടെ വീട്ടിൽ എത്തിയതായിരുന്നു മൂന്നു പെൺകുട്ടികളും. തുടർന്ന് ഇവർ റിസർവോയർ കാണാൻ പോയപ്പോഴാണ് അപകടത്തിൽപെട്ടത്. ചെരിഞ്ഞുനിൽക്കുന്ന പാറയിൽ കാൽവഴുതി ആദ്യം രണ്ടുപേർ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും വെള്ളത്തിൽ വീഴുകയായിരുന്നു. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ഉടൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വെള്ളത്തിൽവീണ മറ്റു മൂന്നു പേരും ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: