നെടുമങ്ങാട് : പനയമുട്ടത്ത് കെ.എസ്.ആർ.ടി സി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു. പനയമുട്ടം സ്വദേശി കൃഷ്ണൻ നായർ(78) ആണ് മരിച്ചത്. ചേപ്പിലോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. പാലുമായി ക്ഷീരസംഘത്തിലേക്ക് പോകുന്നതിനായി ബസ് കയറാൻ എത്തിയആളാണ് മരിച്ച കൃഷ്ണൻ നായർ. ഇയാളുടെ തലയിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. കൃഷ്ണൻനായർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.
3.20ന് ചേപ്പിലോട്ടുനിന്നും നെടുമങ്ങാട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിപെട്ടത്. ബസിൻ്റെ മുൻഭാഗം എങ്ങനെയോ തട്ടിയ കൃഷ്ണൻ നായർ വീണ് ബസിനടിയിൽപ്പെടുക ആയിരുന്നു. മുന്നിലെയും പിന്നിലെയും ടയറുകൾ തലയിൽ കൂടി കയറി ഇറങ്ങിയിട്ടുണ്ട്. സംഭവസ്ഥലത്തു തന്നെ മരിച്ച കൃഷ്ണൻ നായരുടെ മൃതദേഹം നെടുമങ്ങാട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ – കമലമ്മ. മക്കൾ – സതീഷ്, മല്ലിക, ബിജു, പരേതനായ കമലഹാസൻ. മരുമക്കൾ – ശ്രീജ, ഹരിലാൽ, വിനീത, റൂബി.
