കഴക്കൂട്ടം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തെ ഒന്നാകെ അപമാനിക്കുന്ന പ്രവർത്തിയാണ് കേന്ദ്രത്തിൽ നിന്നുണ്ടായതെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സിപിഐ പൗഡിക്കോണം ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് അയിരൂപ്പാറ എസ്എൻഡിപി ഹാളിൽ സംഘടിപ്പിച്ച വയനാട് ദുരന്തവും കേന്ദ്ര സർക്കാർ ഇടപെടലും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2,000 കോടിയുടെ സഹായം ആവശ്യ പ്പെട്ട സംസ്ഥാനം ചൂരൽമല ദുരന്തത്തെ എൽ ത്രി കാറ്റഗറിയിൽ പെട്ട അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. എങ്കിൽ വിവിധ ഏജൻസികളുടെ സഹായം ലഭ്യമാകുമായിരുന്നു. എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ കടങ്ങൾ എഴുതി തള്ളണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതെല്ലാം നിഷേധിച്ചുവെന്ന് മന്ത്രി പറഞ്ഞു.
മനുഷ്യത്വം എന്ന പദത്തിന്റെ തിരിച്ചറിവ് ഉണ്ടാ കാത്ത ഭരണാധികാരി ആയിട്ടാണ് ഇന്ത്യൻ പ്രധാനമന്ത്രി വയനാട്ടിൽ പ്രവർത്തിച്ചത്. ആശുപത്രി സന്ദർശിക്കുകയും കുട്ടികളെ ലാളിക്കുകയും ചെയ്തപ്പോൾ മനുഷ്യത്വപരമായ സമീപനവും ഉദാരമായ സഹായവും സ്വീകരിക്കുമെന്ന് കരുതിയെങ്കിലും സംഭവിച്ചത് വൈരനിര്യാതനബുദ്ധി ആയിരുന്നു. ബജറ്റിൽ 530 കോടി രൂപയുടെ വായ്പയാണ് ദുരന്തത്തിന് അനുവദിച്ചതെന്നും മാർച്ച് 31ന് മുമ്പ് അത് ചിലവാക്കണമെന്ന നിർദേശം വെച്ച് സംസ്ഥാനത്തെ അപമാനിക്കാനാണ് കേന്ദ്രം ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. ബിഹാറിനും പഞ്ചാബിനും ദുരിത സഹായം വാരിക്കോരി നൽകുമ്പോഴാണ് കേരളത്തോട് ദുരന്തമുഖത്ത് പോലും രാഷ്ട്രീയ വൈരാഗ്യം കേന്ദ്രസർക്കാർ വച്ചുപുലർത്തുന്നത്. ചൂരൽമലയിലെ കുടുംബങ്ങൾക്ക് പുനരധിവാസ പദ്ധതിയും സംരക്ഷണവും ഭാവിജീവിതം ഉറപ്പുവരുത്തുന്ന പാക്കേജും വേണമെന്നാണ് സർവകക്ഷിയോഗം തീരുമാനിച്ചത്.
കേരളം കൈവരിച്ച നേട്ടങ്ങളുടെ പട്ടികയിൽ ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ കേരളം മുന്നോക്കമായത് കൊണ്ടാണ് ഇങ്ങനെ വെട്ടിക്കുറച്ചു നൽകുന്നതെന്ന് കേന്ദ്രം പറയുമ്പോൾ കേന്ദ്രമന്ത്രിമാരായ കുര്യനും സുരേഷ്ഗോപിയും കയ്യടിക്കുന്ന ദുഃഖകരമായ കാഴ്ചയാണ് നാം കാണുന്നത് . കേരളത്തിൻ്റെ പദ്ധതി വിഹിതവും വൻ തോതിൽ വെട്ടിക്കുറയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഏതു വെല്ലുവിളിയും ഏറ്റെടുത്ത് ചൂരൽമല ദുര ന്തത്തെ സർക്കാർ അജീവിക്കുമെന്നും കമ്മ്യൂണിസ്റ്റ് ബോധത്തിലൂന്നിയ ഒരു ഇടതുപക്ഷ ഗവൺമെൻ്റിന് അതിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു.
സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി കെ എസ് അരുൺ മോഡറേറ്ററായിരുന്നു സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം വി ജയപ്രകാശ്, കെപിസിസി അംഗം ജെ എസ് അഖിൽ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ, മണ്ഡലം സെക്രട്ടറി ചന്തവിള മധു, ലോക്കൽ സെക്രട്ടറി അഡ്വ. പ്രതീഷ്മോഹൻ എന്നിവർ പ്രസംഗിച്ചു.
