Headlines

100 അടിയിൽ കൂടുതൽ നീളം; നീന്തൽകുളവും ഹെലിപാഡും ജക്കൂസിയുമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ

ടെക്‌നോളജി ദിനംപ്രതി വളർന്നു വരുന്ന ഒരു കാഴ്ചയാണ് ഇന്ന് നമ്മൾ കണ്ടുവരുന്നത്. വാഹന വിപണികളിലും ഇതിന്റെ സ്വാധീനം നമ്മൾ കാണാറുണ്ട്. പുത്തൻ ഫീച്ചറുകളും ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളും നിർമാതാക്കൾ തങ്ങളുടെ കാറുകളിൽ കൊണ്ടുവരുന്നതുൾപ്പടെ കാർ വിഭാഗത്തിൽ മാസ്റ്റർപീസുകൾ സൃഷ്ടിക്കാൻ നിർമ്മാതാക്കൾ സാധ്യമായതെല്ലാം ചെയ്യാറുണ്ട്. എന്നാൽ കാറുകളുടെ നീളം സംബന്ധിച്ച കാര്യങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? 15 മുതൽ 16 അടി വരെ നീളമുള്ള കാറുകൾ നമ്മൾ നിരത്തുകളിൽ കണ്ടിട്ടുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറിന് എത്ര നീളമുണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നീന്തൽക്കുളം, വാട്ടർബെഡ്, ജക്കൂസി, ഹെലിപാഡ്… ഇവയെല്ലാമുള്ള ഒരു കാർ ലോകത്തുള്ളതായി എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അത് സത്യമാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറായ ‘ദി അമേരിക്കൻ ഡ്രീം’ലാണ് മേൽപറഞ്ഞ സൗകര്യങ്ങളെല്ലാം ഉള്ളത്. 100 അടി 1.5 ഇഞ്ച് നീളം (30.5 മീറ്റർ) ആണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറായ അമേരിക്കൻ ഡ്രീമിനുള്ളത്. 1986ൽ കാലിഫോർണിയയിൽ നിന്നുള്ള പ്രശസ്ത കസ്റ്റം കാർ ഡിസൈനറായ ജെയ് ഓർബർഗ് ആണ് ഈ അത്ഭുതപ്പെടുത്തുന്ന കാർ നിർമ്മിച്ചത്. തുടക്കത്തിൽ 60 അടി നീളമായിരുന്നു കാറിനുണ്ടായിരുന്നത്. , പക്ഷേ പിന്നീട് അത് നിലവിലെ നീളമായ 100 അടിയിലേക്ക് നീട്ടുകയും ഗിന്നസ് വേൾഡ് റെക്കോർഡ് നേടുകയും ചെയ്തു.

26 ചക്രങ്ങളുള്ള ഈ കാർ ഡിസൈനിന്റെയും എഞ്ചിനീയറിംഗിന്റെയും ഒരു അത്ഭുതമാണ്. ഒന്ന് മുന്നിലും ഒന്ന് പിന്നിലുമായി രണ്ട് V8 എഞ്ചിനുകളാണ് ഇതിന് കരുത്ത് പകരുന്നത്. നീന്തൽക്കുളം, ഡൈവിംഗ് ബോർഡ്, വാട്ടർബെഡ്, ജക്കൂസി, ബാത്ത് ടബ്, മിനി-ഗോൾഫ് കോഴ്‌സ്, ഒരു ഹെലിപാഡ് എന്നിവയുൾപ്പെടെ ആഡംബരപൂർണ്ണമായ സവിശേഷതകളാൽ നിറഞ്ഞതാണ് ഈ കാർ. ഹെലിപാഡിന് 5,000 പൗണ്ട് ഭാരം വഹിക്കാൻ കഴിയും

അമേരിക്കൻ ഡ്രീമിൽ ഒരേസമയം 75ൽ അധികം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും എന്നതാണ് മറ്റൊരു പ്രതേകത. ഇത് വിവാഹങ്ങൾക്കോ പാർട്ടികൾക്കോ അനുയോജ്യമാണ്. ഒരു ഇടനാഴി പോലെയാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. സവിശേഷമായ ഇരിപ്പിട ക്രമീകരണവുമുണ്ട്. കാറിന്റെ ക്യാബിനിൽ ടെലിവിഷൻ സെറ്റുകൾ, റഫ്രിജറേറ്റർ, ടെലിഫോൺ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ഇന്റർനെറ്റിൽ ലഭ്യമായ വിശദാംശങ്ങൾ അനുസരിച്ച് അമേരിക്കൻ ഡ്രീം രണ്ട് ഭാഗങ്ങളായാണ് സൃഷ്ടിച്ചിരിക്കുന്നത്. മധ്യത്തിൽ ഒരു ഹിഞ്ച് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ഇടുങ്ങിയ കോണുകളിലൂടെ സഞ്ചരിക്കാൻ കാറിനെ അനുവദിക്കുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: