പാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയില്‍ കണ്ടെത്തി; അഴുകിത്തുടങ്ങിയ മൃതദേഹം അപ്പാര്‍ട്ട്‌മെന്റില്‍





പാകിസ്താനി നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എത്തിഹാദ് കൊമേഴ്‌സ്യല്‍ ഏരിയയിലെ ഫേസ് 6-ലെ അപ്പാര്‍ട്ട്‌മെന്റിലാണ് അഴുകിത്തുടങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കാണ് നടി താമസിച്ചിരുന്നത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനാലും ഒരു അനക്കവും കേള്‍ക്കാത്തതിനാലും സംശയം തോന്നിയ അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

പോലീസ് അന്വേഷണം തുടങ്ങി. വസ്തുതകള്‍ സ്ഥിരീകരിക്കുന്നതുവരെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ഡിഐജി വ്യക്തമാക്കി. മരണം നടന്നിട്ട് ഏകദേശം രണ്ടാഴ്ചയോളമായതായി പോലീസ് കരുതുന്നു.
അയല്‍വാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വാതില്‍ തകര്‍ത്ത് അകത്ത് കയറിയതോടെയാണ് അസ്ഗറിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. വളരെയധികം അഴുകിയ നിലയിലാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് മേല്‍നോട്ടം നല്‍കുന്ന ഡോ. സുമയ്യ സയ്യിദ് പറഞ്ഞു.
കൃത്യമായ മരണകാരണം കണ്ടെത്താന്‍ ഈ സാഹചര്യത്തില്‍ പ്രയാസമാണെന്നും കൂടുതല്‍ പരിശോധനകള്‍ ആവശ്യമായിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ദുരൂഹതയൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനുവേണ്ടി കാത്തിരിക്കുകയാണ് അധികൃതര്‍.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: