Headlines

വിവാഹമുഹൂർത്തങ്ങൾ എടുക്കാൻ വിട്ടുപോയ ഫോട്ടോഗ്രാഫർ രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്



    

കോട്ടയം : വിവാഹ ഫോട്ടോഗ്രഫിക്ക് വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകിയില്ലെന്ന ദമ്പതിമാരുടെ പരാതിയിൽ ഫോട്ടോഗ്രാഫി ഏറ്റെടുത്ത സ്ഥാപനം നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. രണ്ടര ലക്ഷം രൂപ ദമ്പതിമാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കമ്മിഷൻ നിർദേശിച്ചു.

കൊച്ചിയിലെ പിക്കോളോ വെഡ്ഡിങ് സ്ഥാപനത്തിനെതിരെയാണ് നടപടി. പൊൻകുന്നം ആറ്റിക്കൽ കൊച്ചുപറമ്പിൽ സ്വദേശികളായ ഡോ. ഓസ്റ്റിൻ ഉമ്മച്ചനും ഡോ. കാവ്യാ സന്തോഷുമാണ് പരാതി നൽകിയത്. ‌‌വെഡ്ഡിംങ് ഫോട്ടോഗ്രാഫിക്ക് ദമ്പതികൾ മുൻകൂറായി നൽകിയ 80,000 രൂപയും തിരിച്ചുനൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിന് പുറമേ കോടതി ചെലവിലേക്കായി 10,000 രൂപയും നൽകണം.

2024 മേയ് 19-നായിരുന്നു ഇവരുടെ വിവാഹം. ഫോട്ടോഗ്രാഫി/വീഡിയോ ഗ്രാഫി, ഹെലികാം കവറേജ് തുടങ്ങിയ സേവനങ്ങൾക്ക് കൊച്ചിയിലെ സ്ഥാപനം 95,000 രൂപയുടെ പാക്കേജ് എടുത്തു. 80,000 രൂപ മുൻകൂറായി നൽകി. എന്നാൽ, ഹെലികാം അടക്കം കരാറിൽ പറഞ്ഞ പല സേവനങ്ങളും ലഭ്യമാക്കിയില്ലെന്നും വിവാഹച്ചടങ്ങിലെ മധുരംവെപ്പ് ഉൾപ്പെടെയുള്ള പല മുഹൂർത്തങ്ങളും ഉൾപ്പെടുത്തിയില്ലെന്നും കാട്ടിയാണ് പരാതിക്കാർ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

പരാതി ഫയലിൽ സ്വീകരിച്ച കമ്മിഷൻ എതിർകക്ഷിയായ പിക്കോളോ വെഡ്ഡിംങിൻ്റെ പ്രൊപ്രൈറ്റർ ഫ്രിമർ ബാസിൽ എൽ ദോസിന് നോട്ടീസ് അയച്ചെങ്കിലും ഹാജരായില്ല. ഇതിനെ തുടർന്നാണ് കമ്മിഷൻ്റെ നടപടി. കമ്മിഷൻ പ്രസിഡൻ്റ് അഡ്വ. വി.എസ്. മനുലാൽ, അംഗങ്ങ ളായ അഡ്വ. ആർ. ബിന്ദു, കെ.എം. ആൻ്റോ എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് ഉത്തരവ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: