കോഴിക്കോട് – മുഖ്യമന്ത്രി അതിരുകടന്നാൽ അദ്ദേഹത്തിന്റെ ഭാഷയിൽ പറയുന്ന ജീവൻരക്ഷാപ്രവർത്തനം തങ്ങളും ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പ്. പിണറായി വിജയന് സാഡിസ്റ്റ് മനോഭാവമാണ്. പോലീസ് സേനയിലെ പേരുകേട്ട ക്രിമിനലുകൾക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്ര. യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരെ മർദിച്ച ഗൺമാനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നേരിടും. മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ രൂപം മാറുമെന്നും വി.ഡി സതീശൻ കോഴിക്കോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ക്രിമിനൽ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് മർദിക്കുന്നു. ഇത് തുടർന്നാൽ മുഖ്യമന്ത്രിയുടെ ഗൺമാന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സഫാരി സ്യൂട്ടിലെ ക്രിമിനലുകളുടെയും വീടും സ്ഥലവും അറിയാം. കോൺഗ്രസ് വിചാരിച്ചാൽ ഇവർക്ക് വീടുവിട്ടിറങ്ങാനാകില്ല. മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്നും പിണറായി വിജയൻ മരുന്ന് കഴിക്കാൻ മറക്കുകയാണെന്ന് സംശയമുണ്ടെന്നും മന്ത്രിമാർ അത് നൽകണമെന്നും വി ഡി സതീശൻ പറഞ്ഞു. കമ്മ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവസാന യാത്രയാണ് നവകേരള യാത്രയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി .
