തിരുവനന്തപുരം: പലതരം സൈബർ തട്ടിപ്പുകൾ കണ്ടിട്ടുണ്ടെങ്കിലും കർഷകരെ മാത്രം ലക്ഷ്യമിട്ടുള്ള പുതിയ ഓൺലൈൻ തട്ടിപ്പ് സംഘം സജീവമാണെന്ന് റിപ്പോർട്ട്. പിഎം കിസാൻ സാമ്പത്തിക സഹായത്തിന്റെ മറവിലാണ് തട്ടിപ്പ്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വിവിധ കേസുകളിലായി 14 ലക്ഷത്തോളം രൂപ നഷ്ടമായി. പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി പതിനഞ്ചോളം പരാതികൾ നിലവിൽ സൈബർ പോലീസിനു ലഭിച്ചിട്ടുണ്ട്. ‘പിഎം കിസാൻ’ യോജനയെക്കുറിച്ച് വിവരിക്കുന്ന സന്ദേശവും ഒപ്പം ആപ്ലിക്കേഷൻ ഫയലും (എപികെ) വാട്സാപ്പിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ആപ്ലിക്കേഷൻ ഫയൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം കൈയടക്കുന്ന തട്ടിപ്പുകാർ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുകയാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പുകൾക്കു പിന്നിലെന്ന് സൈബർസെൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഉടനടി പരാതിപ്പെട്ടതിനെത്തുടർന്ന് ചില കേസുകളിൽ ബാങ്കുകളുമായി ബന്ധപ്പെട്ട് പണം കൈമാറ്റം തടയാൻ പോലീസിനായി. സാമൂഹിക മാധ്യമങ്ങളിലൂടെ ഇങ്ങനെ ലഭിക്കുന്ന എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് സൈബർ പോലീസ് മുന്നറിയിപ്പു നൽകി. വാട്സാപ്പ് വഴിയോ മറ്റ് സാമൂഹിക മാധ്യമങ്ങൾ വഴിയോ എത്തുന്ന ഫയലുകൾ മറ്റു സന്ദേശങ്ങൾ തുടങ്ങിയവ തുറക്കരുതെന്നും ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയാവുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടാം. https://cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയും പോലീസിനെ വിവരമറിയിക്കാം. സൈബർ പോലീസ് ഉടനടി നടപടികൾ സ്വീകരിക്കുന്നതാണ്.


