പി എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗങ്ങളുടെ രൂക്ഷ വിമർശനം. ഒരു ആലോചനയും കൂടാതെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തെറ്റിദ്ധാരണകൾക്ക് വഴിവെച്ചു, സിപിഐഎം – ബിജെപി ധാരണ എന്ന യുഡിഎഫ് പ്രചാരണത്തിന് അത് ഒരളവ് വരെ വിശ്വാസ്യത കൂട്ടിയെന്നും വിമർശനം.
ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ എ പത്മകുമാറിന് എതിരെ നടപടി എടുക്കാത്തത് തിരഞ്ഞെടുപ്പിൽ വിമർശനം ഉണ്ടായി. തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് വലിയ തോതിൽ ഇക്കാര്യം പ്രചരിപ്പിക്കുകയുണ്ടായി ഇത് സമൂഹത്തിൽ വലിയ തോതിൽ സ്വാധീനം ചെലുത്തുകയും ചെയ്തു. കുറ്റക്കാരനായിട്ടും പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന ചോദ്യമാണ് പ്രചാരണ സമയത്ത് പല ഭാഗത്ത് നിന്നും നേരിട്ടിരുന്നത്. കൂടാതെ അയ്യപ്പ സംഗമത്തിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. എൽഡിഎഫ് സർക്കാർ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വേറെ നിലയിൽ വ്യാഖ്യാനിക്കപ്പെട്ടു, പിന്നീട് പുറത്തുവന്ന സ്വർണക്കൊള്ളയും വ്യാഖ്യാനങ്ങൾക്ക് ആക്കംകൂട്ടി എന്നും സംസ്ഥാന സമിതി അംഗങ്ങൾ വിമർശനം ഉന്നയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ആലസ്യം വിനയായി. സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതോടെ ജയം ഉറപ്പിച്ചായിരുന്നു പ്രവർത്തനം എന്നാൽ ഇത് പ്രവർത്തകരെ അലസരാക്കി. ജയിക്കുമെന്ന അമിത ആത്മവിശ്വാസം സ്ഥാനാർഥി നിർണയത്തെയും ബാധിച്ചു.
പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിനെതിരെയും സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു. സമൂഹമാധ്യമങ്ങളിലെ എതിർ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു. യുഡിഎഫിന്റെ സംവിധാനങ്ങളുടെ കിടപിടിക്കുന്ന പ്രതിരോധം തീർക്കാനായില്ലെന്നും വിമർശനം.


