റോയിങ് :(അരുണാചല്‍ പ്രദേശ്): പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതിയെ പോലീസ് സ്‌റ്റേഷനില്‍നിന്ന് പിടിച്ചിറക്കി നാട്ടുകാർ മർദിച്ച് കൊലപ്പെടുത്തി. അസം സ്വദേശിയായ അതിഥി തൊഴിലാളി റുസാൾ കരീം(19) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ലോവർ ദിബാങ് വാലി ജില്ലയിലെ റോയിങ് സ്റ്റേഷനിലാണ് സംഭവം. സ്ഥലത്തെ സംഘർഷസാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു.
റോയിങ് നഗരത്തിലെ മൗണ്ട് കാർമൽ സ്കൂളിലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വ്യാഴാഴ്ചയാണ് റുസാൾ കരീം അറസ്റ്റിലായത്. സ്കൂൾ സെക്യൂരിറ്റിയെ പണംകൊടുത്ത് സ്വാധീനിച്ച് ഇയാൾ ഹോസ്റ്റലിൽ കയറുകയും ആറുമുതൽ എട്ടുവയസുവരെ പ്രായമുള്ള കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. പീഡനവിവരം പുറത്തുവന്നതോടെ ഇയാൾക്കെതിരെ ജനരോക്ഷം ഉയർന്നു. വെള്ളിയാഴ്ച ഉച്ചയോടെ സ്റ്റേഷനിൽ എത്തിയ അറുനൂറോളം നാട്ടുകാർ, ചെറുപ്പക്കാരനെ ബലാൽക്കാരമായി സ്റ്റേഷനിൽനിന്ന് പിടിച്ചിറക്കി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തെത്തുടർന്ന് സുരക്ഷ ശക്തമാക്കുന്നതിനായി കൂടുതൽ പോലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു. കൂടുതൽ അന്വഷണം നടത്തിവരികയാണെന്ന് അരുണാചൽ പ്രദേശ് ആഭ്യന്തരമന്ത്രി മാമ നറ്റിങ് പറഞ്ഞു.
