കുവൈത്ത് സിറ്റി: കത്തികാട്ടി വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്ത പ്രതി പോലീസിന്റെ പിടിയിൽ. ഷുവൈഖിൽ നിന്നാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പ്രതി കാർ ബലമായി തട്ടിയെടുത്ത് കടന്നുകളഞ്ഞത്. സംഭവത്തിൽ വൈകാതെ പ്രതിയെ അല്‍ ഷാമിയ പൊലീസ് പിടികൂടി. ഷുവൈഖ് അഡ്മിനിസ്ട്രേറ്റ് ഏരിയയിലെ ഷോപ്പിങ് മാളില്‍നിന്ന് വനിതാ ഡോക്ടർ പുറത്തിറങ്ങി പോകുന്നവഴിയായിരുന്നു സംഭവം. കാർ പാര്‍ക്കിങ് സഥലത്തെത്തിയപ്പോളാണ് വനിതാ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പ്രതി കാര്‍ തട്ടിയെടുത്തത്. ഉടൻ ക്യാപിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചു. കത്തി കാട്ടി ഭീഷണിപ്പെടുത്തുന്ന പ്രതികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിനിടയില്‍ പ്രദേശത്തെ പള്ളിയുടെ പാർക്കിങ് സ്ഥലത്ത് മോഷ്ടിച്ച വാഹനം കണ്ടെത്തി. പൊലീസ് എത്തിയതോടെ കാറുമായി പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായും മോഷണവും കവർച്ചയും നടത്തിയതായും പൊലിസ് പറഞ്ഞു. നിയമ നടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
