തിരുവനന്തപുരം: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 26കാരൻ പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ മൺവിള പൂവാലിയിൽ വീട്ടിൽ അനൂജിനെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് യുവതി പീഡന വിവരം പുറത്ത് പറഞ്ഞത്. കഠിനമായ വയർ വേദനയെ തുടർന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോളാണ് യുവതി ഗർഭിണിയാണെന്നുള്ള വിവരം അറിയുന്നത്. തുടർന്ന് അനൂജിനെതിരെ തുമ്പ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വിദേശത്തായിരുന്ന പ്രതിയുടെ വിവാഹം കുറച്ചുനാൾ മുമ്പ് ഒരു യുവതിയുമായി നടന്നിരുന്നു. എന്നാൽ ഇക്കാര്യം മറച്ചു വെച്ചാണ് അനൂജ് പരാതിക്കാരിയായ യുവതിയുമായി അടുക്കുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പം പ്രണയമായി മാറി. പിന്നീട് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വിവാഹകാര്യം പറഞ്ഞതോടെ അനൂജ് ഒഴിഞ്ഞ് മാറി. ഇതോടെയാണ് യുവതി ചതി മനസിലാക്കിയത്. പിന്നാലെ യുവതി തുമ്പ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കഴക്കൂട്ടത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. പ്രതി മറ്റ് പെൺകുട്ടികളെയും സമാനമായ രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. അറസ്റ്റ് ചെയ്ത അനൂജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
