തൃശൂർ: കുന്നംകുളത്ത് ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ച പ്രതികളെ പോലീസ് പിടികൂടി. പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷക്കീറിനാണ് മർദനമേറ്റത്. പ്രതികൾ യുവാവിൻ്റെ തലയോട്ടി അടിച്ച് തകർത്തിരുന്നു. സംഭവത്തിൽ 3 പേര്. പാലക്കാട് ചേരമംഗലം സ്വദേശി ജയൻ (43), തിരുവനന്തപുരം പരപ്പംകുന്ന് സ്വദേശി സുജിത്ത് (34), പാലക്കാട് സ്വദേശി ഷിജു കുമാർ (31) എന്നിവരെ കുന്നംകുളം പൊലീസാണ് പിടികൂടിയത്.
കേസിനാസ്പദമായ സംഭവമുണ്ടായത് ഞായറാഴ്ച രാത്രി 10 മണിക്കാണ്. പെരുമ്പിലാവ് കെ.ആർ.ബാറിൽവെച്ചാണ് സംഘർഷമുണ്ടായത്. മദ്യപിച്ച ശേഷം ഷക്കീറും ബാർ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്യും. ജീവനക്കാർ ബാറിനുള്ളിൽ നിന്ന് ഷക്കീറിനെ പുറത്തേക്ക് കൊണ്ടുവന്നതിന് ശേഷം ഇവർ പരസ്പരം ഏറ്റുമുട്ടി. തുടർന്നാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹോക്കി സ്റ്റിക്ക് ഉൾപ്പടെ ഉപയോഗിച്ച് ഷക്കീറിനെ നിലത്തിട്ട് മർദിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നത്. ഇതിന് പിന്നാലെയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്. മർദ്ദനമേറ്റ ഷക്കീർ നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
