വിവാഹ ചടങ്ങിന് പിന്നാലെ വധുവിനെ തല്ലുകയും ഉപദ്രവിക്കുകയും ചെയ്ത പോലീസുകാരൻ വരൻ സസ്പെൻഷൻ. ബിഹാർ നവാഡയിലെ ഒരു ക്ഷേത്രത്തിൽ നടന്ന വിവാഹചടങ്ങിനിടെയായിരുന്നു സംഭവം. തൊട്ടുപിന്നാലെ വരനായ പൊലീസുകാരൻ നവവധുവിനെ തല്ലുകയും ഉപദ്രവിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട പ്രചരിച്ച വീഡിയോയിൽ വരൻ യുവതിയെ പിടിച്ചു വലിക്കുന്നതും ഉപദ്രവിക്കാൻ ശ്രമിക്കുന്നതും കാണാം. കൂടെയുണ്ടായിരുന്ന യുവതി ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്.
എന്തായാലും സംഭവത്തിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസുകാരനായ വരനെ സസ്പെൻഡ് ചെയ്തു എന്നും റിപ്പോർട്ടുകൾ പറയുന്നു.
‘ബിഹാറിലെ നവാടയിലുള്ള ഒരു ക്ഷേത്രത്തിൽ വച്ച് ഒരു പൊലീസുകാരൻ വിവാഹം കഴിഞ്ഞയുടനെ തൻ്റെ നവവധുവിനെ തല്ലി. സംഭവത്തിൽ യുവതി പരാതി നൽകി. തുടർന്ന് എസ്പി അഭിനവ് ഈ ഇൻസ്പെക്ടറെ ഉടൻ സസ് പെൻഡ് ചെയ്തു’ എന്നാണ് എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്ന വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്.
നിരവധിപേരാണ് വീഡിയോയ്ക്ക് കമൻ്റുകളുമായി എത്തിയിരിക്കുന്നത്. ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത് നന്നായി എന്നാണ് മിക്കവരും കമൻ്റ് നൽകിയത്. വിവാഹ ദിവസം തന്നെ പിരിയുന്നതാണ് ഇങ്ങനെയുള്ളവരുടെ കാര്യത്തിൽ നല്ലത് എന്ന് കമൻ്റ് നൽകിയവരും ഉണ്ട്. അതേസമയം തന്നെ ഈ വീഡിയോയുടെയും അതിൻ്റെ കാപ്‌ഷൻ്റെയും ആധികാരികതയെ കുറിച്ചും ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
