പട്‌ന: രാഷ്ട്രീയതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പുതിയ പാർട്ടിക്ക് രൂപംനൽകുന്നു. പ്രശാന്ത് കിഷോർ നേതൃത്വംനൽകുന്ന ‘ജൻ സുരാജ് കാമ്പയിൻ’ എന്ന സംഘടനയെ രാഷ്ട്രീയ പാർട്ടിയായി രൂപമാറ്റം വരുത്താനാണ് ലക്ഷ്യമിടുന്നത്. ഒക്ടോബർ രണ്ടിനാകും പുതിയ പാർട്ടിയുടെ രൂപീകരണ പ്രഖ്യാപനം. അടുത്തവർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച പട്‌നയിൽ ജൻ സുരാജിന്റെ സംസ്ഥാനതല ശില്പശാലയിൽ പ്രസംഗിക്കവേയാണ് കിഷോർ ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി രൂപവത്‌കരണം ലക്ഷ്യമിട്ട് രണ്ടുവർഷംമുൻപാണ് പ്രശാന്ത് കിഷോർ പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്.
ബിഹാർ മുൻമുഖ്യമന്ത്രിയും ഭാരതരത്ന ജേതാവുമായ കർപുരി ഠാക്കൂറിന്റെ ചെറുമകൾ ജാഗ്രിതി ഠാക്കൂറിന്റെ പാർട്ടിപ്രവേശനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. മുൻ ഐ.പി.എസ്. ഓഫീസർ ആനന്ദ് മിശ്ര, ആർ.ജെ.ഡി. മുൻ എം.എൽ.സി. രാംബാലി സിങ് ചന്ദ്രവംശി എന്നിവരും ജൻ സുരാജിൽ ചേർന്നു.



