ലഖ്നോ: ബിസിനസുകാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായ ലേഡി ഗോഡ്സെ എന്നറിയപ്പെടുന്ന പൂജ പാണ്ഡെ അറസ്റ്റില്‍. ഹത്റാസില്‍ മോട്ടോര്‍സൈക്കിള്‍ ഷോറൂം നടത്തുന്ന അഭിഷേക് ഗുപ്തയെ കൊന്ന കേസിലെ പ്രതിയാണ് ഇവര്‍. സംഭവത്തില്‍ പൂജയുടെ ഭര്‍ത്താവും അഖിലേന്ത്യാ ഹിന്ദു മഹാസഭാ വക്താവുമായ അശോക് പാണ്ഡെയെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം ജയ്പൂര്‍-ആഗ്ര ഹൈവേയില്‍ നിന്നാണ് പൂജയെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിഷേക് ഗുപ്തയും പിതാവ് നീരജ് ഗുപ്തയും ബന്ധുവായ ജീതു ഗുപ്തയും സ്ഥാപനം പൂട്ടി ഇറങ്ങി ബസ് കാത്തുനില്‍ക്കുമ്പോഴാണ് ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘം വെടിയുതിര്‍ത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൂജയേയും ഭര്‍ത്താവ് അശോക് പാണ്ഡെയെയും കുറിച്ചുള്ള വിവരം പോലിസിന് ലഭിച്ചത്.
അലീഗഡിലെ ഹിന്ദു മഹാസഭാ നേതാവായ പൂജ പാണ്ഡെ, സാധ്വി അന്നപൂര്‍ണയെന്നാണ് അറിയപ്പെടുന്നത്. മുസ് ലിംകളെ വംശഹത്യ നടത്തണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്ന പൂജ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്തിരുന്നു. ബിജെപി അവരോട് ഔദ്യോഗികമായി അകലം പാലിക്കുമ്പോഴും പ്രധാന നേതാക്കളെല്ലാം അവരുമായി സഹകരിക്കുന്നുണ്ടായിരുന്നു.
പതിനേഴാം വയസിലാണ് അഭിഷേക് ഗുപത ആദ്യമായി പൂജയെ പരിചയപ്പെട്ടത്. എന്നാല്‍, ഉടന്‍ തന്നെ അഞ്ചുലക്ഷം രൂപ കടം വാങ്ങുകയാണ് പൂജ ചെയ്തത്. അഭിഷേക് ഗുപ്തയുടെ പിതാവ് ഈ പണം തിരികെ ചോദിച്ചു. ഇത് തര്‍ക്കങ്ങള്‍ക്ക് കാരണമായി. 2019ല്‍ പൂജ, ഗാന്ധിയുടെ ചിത്രം നശിപ്പിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന അഭിഷേക് ഗുപ്ത ജയിലിലായി. പിന്നീടും അടുപ്പം തുടര്‍ന്നെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി ഇരുവരും അകല്‍ച്ചയിലായിരുന്നു. രാത്രിയില്‍ കൂടെയുറങ്ങാന്‍ പൂജ അഭിഷേകിനെ നിര്‍ബന്ധിക്കുമായിരുന്നു. അവന് അതില്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് അഭിഷേക് ഗുപ്തയുടെ പിതാവ് പറഞ്ഞിരുന്നു.


