തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ ഉയർന്നത് രൂക്ഷവിമർശനങ്ങൾ. മുൻ അധ്യക്ഷന്മാരായ വി. മുരളീധരനെയും കെ. സുരേന്ദ്രനെയും തഴയുന്നു എന്ന വികാരമാണ് യോഗത്തിൽ ശക്തമായ വിമർശനത്തിന് വഴിയൊരുക്കിയത്. കൃഷ്ണദാസ് പക്ഷത്തെ നേതാക്കളെ മാത്രമാണ് പാർട്ടിയുടെ മുഖമായി ഇപ്പോൾ ഉയർത്തിക്കാട്ടുന്നതെന്ന വിമർശനം പാർട്ടിക്കുള്ളിൽ ശക്തമാണ്. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെ പാർട്ടിയിലെ പ്രബല വിഭാഗത്തെ തഴയുന്നതിലുള്ള അമർഷം നേതാക്കൾ കോർ കമ്മിറ്റി യോഗത്തിൽ ശക്തമായി തന്നെ പ്രകടിപ്പിച്ചു.
തൃശ്ശൂരിൽ നടത്ത നേതൃയോഗവും നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമാണ് കെ സുരേന്ദ്രൻ രാജീവ് ചന്ദ്രശേഖറിനെതിരെ ആയുധമാക്കിയത്. വി. മുരളീധരനെയും കെ. സുരേന്ദ്രനെയും ക്ഷണിച്ചിരുന്നില്ല. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നന്നായി ’പെർഫോം’ ചെയ്യാനും കഴിഞ്ഞിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം നേതൃത്വത്തിനെതിരെ ശക്തമായ ആയുധമാക്കിയതോടെ ദേശീയനേതാക്കൾ ഇടപെട്ടെന്നും ഐക്യത്തോടെ മുന്നോട്ടുപോകാൻ നിർദേശം നൽകിയെന്നുമാണ് റിപ്പോർട്ട്.
വിമർശനം വാർത്തയായതോടെ, കോർകമ്മിറ്റി തീരുമാനങ്ങൾ പത്രസമ്മേളനത്തിൽ വിശദീകരിക്കാൻ കെ. സുരേന്ദ്രനെത്തന്നെ നേതൃത്വം ചുമതലപ്പെടുത്തുകയായിരുന്നു. തൃശ്ശൂരിലെ യോഗത്തെപ്പറ്റിയുള്ള ചോദ്യത്തിന് അതൊക്കെ പറയേണ്ടവർ പറഞ്ഞെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. കോർകമ്മിറ്റി യോഗം വളരെ ‘സ്മൂത്താ’യാണ് നടന്നതെന്നും വിമർശനങ്ങളൊന്നുമുണ്ടായില്ലെന്നും കൃഷ്ണദാസ് പക്ഷത്തെ നേതാക്കളും വിശദീകരിച്ചു. ചില പരിഭവങ്ങൾ പറഞ്ഞുവെന്നുമാത്രം -അവർ പറഞ്ഞു.
അതേസമയം, നേതാക്കളുടെ പക്ഷംപിടിക്കലിന്റെ പേരിലുള്ള പോര് ഒടുങ്ങിയിട്ടില്ല. മുരളീധരനെയും സുരേന്ദ്രനെയും മാറ്റിനിർത്തുന്നു, കൃഷ്ണദാസ് പക്ഷത്തെ നേതാക്കളെമാത്രം പരിഗണിക്കുന്നു, കോർകമ്മിറ്റി യോഗങ്ങളിൽ കീഴ്‌വഴക്കം ലംഘിച്ച് നേതാക്കൾ പങ്കെടുക്കുന്നു തുടങ്ങിയ വിമർശനങ്ങളാണ് നേതൃത്വം നേരിടുന്നത്. എന്നാൽ, തദ്ദേശതിരഞ്ഞെടുപ്പിന്റെ ചുമതലക്കാരെയാണ് തൃശ്ശൂരിലെ യോഗത്തിൽ വിളിച്ചതെന്നും മുരളീധരനും സുരേന്ദ്രനും വലിയജോലികൾ വേറെയുണ്ടെന്നുമാണ് നേതൃത്വം പറയുന്നത്.
നിലമ്പൂരിൽ പ്രചാരണത്തിന് രണ്ട് ജനറൽസെക്രട്ടറിമാരെ ഒഴിവാക്കി, മത്സരിക്കാതെ മാറിനിൽക്കാനുള്ള നിർദേശം ശരിയായില്ല, നിലമ്പൂരിൽ ക്രിസ്ത്യൻമേഖലയിൽനിന്ന് പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല തുടങ്ങിയ അഭിപ്രായങ്ങളുമുയർന്നു. എന്നാൽ, പാർട്ടിക്ക് സ്വാധീനംകുറഞ്ഞ മേഖലയായിട്ടും ന്യൂനപക്ഷങ്ങൾക്കിടയിൽ മുന്നേറ്റമുണ്ടാക്കാനായെന്ന് അവലോകന റിപ്പോർട്ടിൽ പി.കെ. കൃഷ്ണദാസ് വിശദീകരിച്ചു.
പുതിയ നേതൃത്വം രാഷ്ട്രീയം പറയുന്നില്ലെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. ജില്ലാപ്രസിഡന്റുമാരെ പരിഗണിക്കുന്നില്ല, മഹിളാമോർച്ച-യുവമോർച്ച ഭാരവാഹികളെ കണ്ടെത്താനുള്ള ടാലന്റ് ഹണ്ട് പാർട്ടിയെ കോർപ്പറേറ്റുവത്കരിക്കും തുടങ്ങിയ വിയോജിപ്പുകളുമുയർന്നു.
