കൊച്ചി: സംസ്ഥാനത്ത് ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പിടിഎ നടത്തുന്ന പ്രീ പ്രൈമറി ബാച്ചുകളിലെ അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. യഥാക്രമം 27,500, 22,500 രൂപ എന്നിങ്ങനെ വര്‍ധിപ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഓള്‍ കേരള പ്രീ പ്രൈമറി സ്റ്റാഫ് അസോസിയേഷനും അധ്യാപകരുമുള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണു ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്റെ ഉത്തരവ്.
വര്‍ധന അടുത്തമാസം തന്നെ നടപ്പാക്കി ഏപ്രില്‍ മുതല്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. 2012ല്‍ അധ്യാപകര്‍ക്കും ആയമാര്‍ക്കും യഥാക്രമം 5000 രൂപ, 3500 രൂപ എന്നിങ്ങനെ കോടതി തുക നിശ്ചയിച്ചിരുന്നു. സര്‍ക്കാര്‍ പിന്നീട് പലപ്പോഴായി തുക വര്‍ധിപ്പിച്ച് ഇപ്പോള്‍ 12,500, 7500 രൂപ വീതമാണു കിട്ടുന്നത്.
ജീവിതച്ചെലവിലെ വര്‍ധന കണക്കാക്കിയാല്‍ തുക കൂട്ടിയേ തീരൂവെന്നു കോടതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിന് അടിത്തറയിടുന്നതു പ്രീ പ്രൈമറി തലത്തിലാണെന്നും ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ എത്രയും വേഗം സേവന വ്യവസ്ഥകള്‍ തയാറാക്കണം. മുന്‍ ഉത്തരവുണ്ടായ 2012 ഓഗസ്റ്റ് 1 മുതല്‍ പുതിയ നിരക്കില്‍ കുടിശിക കണക്കാക്കി ആറു മാസത്തിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശിച്ചു
