കോട്ടയം: കോണ്‍ഗ്രസിന്റെ സദസിലുള്ളതില്‍ കൂടുതല്‍ ആളുകള്‍ വേദിയിലുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെ അക്കാര്യം ചൂണ്ടിക്കാട്ടി നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍. കെപിസിസിയുടെ സംസ്കാര ഉത്സവ് 2026 പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു പ്രേംകുമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സദസില്‍ ഉള്ളതില്‍ കൂടുതല്‍ ആളുകള്‍ വേദിയിലുണ്ടെന്നും കോണ്‍ഗ്രസ് അത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും പ്രേംകുമാര്‍ പറഞ്ഞു. അത് നിങ്ങളുടെ സ്വാതന്ത്ര്യമാണെന്നും പ്രേംകുമാര്‍ ചൂണ്ടിക്കാട്ടി.
അതിരുകള്‍ ഇല്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടാകണമെന്നും പ്രേംകുമാര്‍ പറഞ്ഞു. ഒരു വ്യക്തിക്ക് നിര്‍ഭയമായി അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ഉണ്ടാകണം. ദീര്‍ഘ വീക്ഷണമുള്ള ലോക നേതാവ് നെഹ്റുവിനെ പോലെ അധികം ഇല്ല. ജനാധിപത്യം അപകടകരമായ വെല്ലുവിളി നേരിടുന്ന കാലമാണിത്. രാഷ്ട്രീയ ഭൂരിപക്ഷം ഉണ്ടാകുന്നത് ജനാധിപത്യത്തിന് ഗുണം ചെയ്യും. എന്നാല്‍ വര്‍ഗീയ ഭൂരിപക്ഷം ഉണ്ടാകുന്നത് അപകടമാണ്. അങ്ങനെ ഒന്ന് ഉണ്ടായാല്‍ വേഗം മാറ്റാന്‍ ആകില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്ന കാലമാണിതെന്നും പ്രേംകുമാര്‍ പറഞ്ഞു. അതാണ് ഫാസിസത്തിന്റെ ലക്ഷണം. അത് ആര് നടത്തിയാലും പ്രശ്നമാണെന്നും പ്രേംകുമാര്‍ വ്യക്തമാക്കി.
ഇടതുപക്ഷവുമായി അകന്ന പ്രേംകുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തുനിന്ന് മത്സരിപ്പിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആലോചന നടക്കുന്നുണ്ടെന്നാണ് വിവരം. പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് പ്രേംകുമാര്‍ തീരുമാനമെടുത്തതിന് ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ സി വേണുഗോപാലുമായി പ്രേംകുമാര്‍ കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു. പ്രേംകുമാര്‍ കോണ്‍ഗ്രസുമായി സഹകരിച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും ഫോണില്‍ ബന്ധപ്പെട്ടത്. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്നും തന്നെ മാറ്റിയതിനെതിരെ പ്രേംകുമാര്‍ സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെ അദ്ദേഹം തന്റെ കുടുംബത്തിന്റെ കോണ്‍ഗ്രസ് പശ്ചാത്തലവും കെഎസ്യുകാലത്തെ ഓര്‍മകളും പങ്കുവെച്ചിരുന്നു. ഇതോടെയാണ് പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായത്.


