2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ വിഭാഗക്കാരെയും ഒപ്പം കൂട്ടിയുള്ള വികസിത ഭാരതമാണ് ലക്ഷ്യമിടുന്നത്. വികസിത ഭാരതം 2047 എന്നത് കേവലം വാക്കുകളല്ല. 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്നും മോദി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് വികസിത ഭാരതം എന്ന ലക്ഷ്യത്തെ കുറിച്ച് മോദി വാചാലനായത്.

ലോകം ഇന്ത്യയുടെ വളര്‍ച്ച ഉറ്റുനോക്കുകയാണ്. 2047ഓടെ ഇന്ത്യയെ വികസിതമാക്കാന്‍ ആളുകള്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കി. രാജ്യത്തെ ഉല്‍പ്പാദന മേഖലയുടെ ഹബ്ബായി മാറ്റുകയാണ് ലക്ഷ്യം. നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ സാധിക്കും. 40 കോടി ജനങ്ങള്‍ക്ക് അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ച് സ്വാതന്ത്ര്യം നേടാനാകുമെങ്കില്‍, 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിലൂടെ എന്ത് നേടാനാകുമെന്ന് സങ്കല്‍പ്പിക്കാനും മോദി ആവശ്യപ്പെട്ടു.


‘മുമ്പ്, ആളുകള്‍ മാറ്റം ആഗ്രഹിച്ചു, പക്ഷേ അവരുടെ അഭിലാഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഞങ്ങള്‍ ഭൂമിയില്‍ വലിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു.പരിഷ്‌കാരങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത താല്‍ക്കാലിക കൈയടിക്കോ നിര്‍ബന്ധങ്ങള്‍ക്കോ വേണ്ടിയല്ല, മറിച്ച് രാജ്യത്തെ ശക്തിപ്പെടുത്താനുള്ള ദൃഢനിശ്ചയമാണ് . വികസിത ഭാരതത്തിനായുള്ള ജനങ്ങളുടെ നിര്‍ദ്ദേശങ്ങളില്‍ ഭരണപരിഷ്‌കാരങ്ങള്‍, വേഗത്തിലുള്ള നീതിന്യായ സംവിധാനം, പരമ്പരാഗത മരുന്നുകള്‍ പ്രോത്സാഹിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു’- മോദി പറഞ്ഞു.

യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ഒപ്പം നില്‍ക്കും. എല്ലാ ഗ്രാമങ്ങളിലെയും വീടുകളില്‍ വൈദ്യുതി എത്തണം. സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരം അര്‍പ്പിച്ച മോദി പ്രകൃതിദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെ സ്മരിച്ചു. രാജ്യത്തെ സായുധ സേന മിന്നലാക്രമണവും വ്യോമാക്രമണവും നടത്തിയപ്പോള്‍ ഓരോ ഇന്ത്യക്കാരനും അതില്‍ അഭിമാനം കൊണ്ടതായും മോദി പറഞ്ഞു.



Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: