ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ രാജ്യസഭയിലേക്കയക്കാൻ കോൺഗ്രസിൽ ആലോചന. നിലവിൽ ലോക്സഭാംഗമായ സോണിയ ഗാന്ധി അനാരോഗ്യം കാരണം ഇനിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടെടുത്തതോടെയാണ് രാജ്യസഭാ സീറ്റെന്ന ചർച്ചകൾ ഉയരുന്നത്. രാജസ്ഥാനിൽ നിന്നും സോണിയയെ രാജ്യസഭ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്.
സോണിയയുടെ സ്ഥാനാർഥിത്വം ചർച്ചചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം ചേർന്നു. രണ്ടു ദിവസങ്ങൾക്കുള്ളിൽ സ്ഥാനാർഥിത്വത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകൾ. അനാരോഗ്യത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യസഭയിലേക്കു സോണിയയെ പരിഗണിക്കുന്നത്. നിലവിൽ റായ്ബറേലിയിൽനിന്നുള്ള എംപിയാണ് സോണിയ.
അതേസമയം, സോണിയക്ക് പകരമായി മകളും കോൺഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി റായ്ബറേലിയിൽനിന്ന് ലോക്സഭയിലേക്കു മൽസരിച്ചേക്കും. കോൺഗ്രസിന്റെ അടിയുറച്ച സീറ്റാണ് റായ്ബറേലി

