തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി ഇന്ന് കേരളത്തിലെത്തും. ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പരിപാടികളിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. രാവിലെ എട്ടേകാലോടെ കൊച്ചിയിലെത്തുന്ന പ്രിയങ്ക, വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം വൈകിട്ട് അഞ്ചരയോടെ തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പോകും.
ശനിയാഴ്ച രാവിലെ എട്ടേകാലോടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തുന്ന പ്രിയങ്കാഗാന്ധി 12.15-ന് ചാലക്കുടി മണ്ഡലത്തിലെ എറിയാട് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് ഒന്നേകാലോടെ പത്തനംതിട്ടയിലേക്കു പോകും. 2.15-ന് പത്തനംതിട്ടയിലെ പൊതുസമ്മേളനത്തിൽ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്കു പോകും. 3.50-ഓടെ തിരുവനന്തപുരത്തെത്തുന്ന പ്രിയങ്കാഗാന്ധി വലിയതുറമുതൽ പൂന്തുറവരെ റോഡ്‌ഷോയിൽ പങ്കെടുക്കും. റോഡ്‌ഷോയെ തുടർന്ന് പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. അഞ്ചരയോടെ ഡൽഹിയിലേക്കു മടങ്ങും

