സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ടു

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ടു. സുതാര്യത ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തു വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കവെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിർണായക തീരുമാനം നടപ്പാക്കിയിരിക്കുന്നത്.

സുപ്രീംകോടതിയിലെ 33 ജഡ്ജിമാരിൽ 21 പേരുടെ സ്വത്തുവിവരങ്ങളാണ് വെബ്സൈറ്റിൽ നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. സുപ്രീംകോടതി കൊളീജിയത്തിലെ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ജസ്റ്റിസ് കെ.വി.വിശ്വനാഥന് 120.96 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകളിൽ വ്യക്തമാണ്.

വനിതാജഡ്ജിമാരിൽ ജസ്റ്റിസ് ബേല എം.ത്രിവേദി സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയപ്പോൾ ജസ്റ്റിസ് ബി.വി.നാഗരത്ന സ്വത്തുവിവരം വെളിപ്പെടുത്തിയട്ടില്ല. നാഗരത്നയ്ക്ക് പുറമെ ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരി, ദിപാങ്കർ ദത്ത, അഹ്സാനുദ്ദിന് അമാനുള്ള, മനോജ് മിശ്ര, അരവിന്ദ് കുമാർ,പി.കെ.മിശ്ര, എസ്.സി.ശർമ, പി.ബി.വറാലെ, എൻ.കോടിശ്വർ സിങ്, ആർ.മഹാദേവൻ, ജോയ്മല്യ ബാഗ്ചി എന്നിവരും സ്വത്തുവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

സ്വത്തുവിവരങ്ങൾക്ക് പുറമെ ഹൈക്കോടതികളിലെയും സുപ്രീംകോടതികളിലെയും നിയമന പ്രക്രിയ, ഹൈക്കോർട്ട് കൊളീജിയത്തിൻറെ ചുമതല, സംസ്ഥാന– കേന്ദ്രസർക്കാരുകളുടെ ചുമതലകൾ, ലഭിച്ച നിർദേശങ്ങൾ, സുപ്രീംകോടതി കൊളീജിയത്തിൻറെ പരിഗണനയിലുള്ള കാര്യങ്ങൾ എന്നിവയും പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവംബർ 9,2022 മുതൽ മേയ് 5, 2025വരെ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് സുപ്രീംകോടതി കൊളീജിയം എടുത്ത തീരുമാനങ്ങളും ജഡ്ജിമാരെ സംബന്ധിച്ച വിശദമായ വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: