ജയ്പൂര്‍: ബി.ജെ.പിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കടുത്ത മുസ്ലിംവിരുദ്ധ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ രാജ്യത്തിന്റെ സമ്പത്ത് ആദ്യം മുസ്ലിംകള്‍ക്ക് എന്ന നിലപാടാണ് സ്വീകരിച്ചത്. അതിനര്‍ത്ഥം അവര്‍ക്ക് അധികാരം ലഭിച്ചാല്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കാണ് അവര്‍ രാജ്യത്തിന്റെ സമ്പത്തെല്ലാം വിതരണംചെയ്യുക എന്നാണ്. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തെല്ലാം നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവര്‍ക്കും നല്‍കണോ? നിങ്ങള്‍ ഇത് അംഗീകരിക്കുന്നുണ്ടോ?- മോദി ചോദിച്ചു.
മതാക്കളുടെ പെണ്‍മക്കളുടേയും പക്കലുള്ള സ്വര്‍ണ്ണത്തിന്റെ കണക്കെടുക്കുമെന്നും ആ പണം വിതരണംചെയ്യുമെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പറയുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ കാലത്താണ് സമ്പത്തില്‍ ആദ്യത്തെ അധികാരം മുസ്ലിംകള്‍ക്കാണ് എന്ന നിലപാടെടുത്തത്. ഈ നഗര മാവോയിസ്റ്റുവാദ പ്രകാരം നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടേയും താലിമാല പോലും ബാക്കിയുണ്ടാകില്ല- മോദി പറഞ്ഞു.
എന്നാല്‍, പ്രധാനമന്ത്രി വീണ്ടും കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി പവന്‍ ഖേര ആരോപിച്ചു. പ്രധാനമന്ത്രിക്ക് അബദ്ധത്തില്‍ പോലും സത്യം പറയാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ മേധാവി ജയറാം രമേശും പറഞ്ഞു.
2006ല്‍ ദേശീയ വികസന കൗണ്‍സിലിന്റെ യോഗത്തില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞത് ‘ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് വികസനത്തിന്റെ ഫലങ്ങളില്‍ തുല്യമായി പങ്കുചേരാന്‍ ശാക്തീകരിക്കപ്പെടുന്നതിന് നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും അവര്‍ക്ക് വിഭവങ്ങളുടെ ആദ്യ അവകാശവാദം ഉണ്ടായിരിക്കണം എന്നുമാണെന്നും ജയറാം രമേശ് വിശദീകരിച്ചു.

