പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് 3 ന്; ലക്ഷ്യം 5 വയസിന് താഴെയുള്ള 23.28 ലക്ഷം കുട്ടികള്‍






പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി മാര്‍ച്ച് 3 ഞായറാഴ്ച നടക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ഇതിനായി 46,942 വോളണ്ടിയര്‍മാര്‍ക്കും 1564 സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 4, 5 തീയതികളില്‍ വോളണ്ടിയര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തി 5 വയസില്‍ താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും തുള്ളിമരുന്ന് നല്‍കി എന്നുറപ്പാക്കുന്നതാണ്. എന്തെങ്കിലും കാരണത്താല്‍ മാര്‍ച്ച് മൂന്നിന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഭവന സന്ദര്‍ശന വേളയില്‍ തുള്ളിമരുന്ന് നല്‍കുന്നതാണ്. എല്ലാ രക്ഷാകര്‍ത്താക്കളും 5 വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കി പോളിയോ നിര്‍മ്മാര്‍ജന തീവ്രയജ്ഞത്തില്‍ പങ്കാളികളാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ 2000ന് ശേഷവും ഇന്ത്യയില്‍ 2011 ന് ശേഷവും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്. മാര്‍ച്ച് മൂന്നിന് രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംഘടിപ്പിക്കുന്നത്.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: